‘മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ് ഞാൻ വളർന്നത്’ -മുശർറഫ് അനുശോചന വിവാദത്തിൽ തരൂർ
text_fieldsന്യൂഡൽഹി: അന്തരിച്ച മുൻ പാക് പ്രസിഡന്റ് പർവേസ് മുശർറഫിനെ ‘സമാധാനകാംക്ഷിയായി മാറിയ ശത്രു’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എം.പി ശശി തരൂരിന്റെ അനുശോചന സന്ദേശം വിവാദമായതോടെ പ്രതികരണവുമായി തരൂർ രംഗത്ത്. ഞാൻ ഇന്ത്യയിലാണ് വളർന്നതെന്നും ഇത് മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന നാടാണെന്നും തരൂർ വ്യക്തമാക്കി.
‘ഞാൻ വളർന്നത്, മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ്. മുശർറഫ് പകരമില്ലാത്ത ശത്രുവായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ ഉത്തരവാദിയും. പക്ഷേ, അദ്ദേഹം ഇന്ത്യയുമായുള്ള സമാധാനത്തിന് വേണ്ടി സ്വന്തം താത്പര്യമെടുത്ത് 2002-2007 വരെ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സുഹൃത്തായിരുന്നില്ല. പക്ഷേ അദ്ദേഹം, നമ്മെ പോലെ തന്നെ, സമാധാനത്തിലൂടെ നയതന്ത്ര ഗുണങ്ങൾ ഉണ്ടെന്ന് മനസിലാക്കി. -തരൂർ ട്വീറ്റ് ചെയ്തു.
പർവേസ് മുശർറഫ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് തരൂർ അനുശോചന സന്ദേശം ട്വീറ്റ് ചെയ്തത്.
‘മുൻ പാക് പ്രസിഡന്റ് പർവേസ് മശേർറഫ് അപൂർവമായ അസുഖത്തെ തുടർന്ന് മരിച്ചു. ഒരിക്കൽ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ആ കാലഘട്ടത്തിൽ യു.എന്നിൽ വെച്ച് വർഷാവർഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവമായിരുന്നു. ഊർജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതപുലർത്തിയിരുന്നു, - എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
എന്നാൽ ബി.ജെ.പി തരൂരിന്റെ ട്വീറ്റിനെ ശക്തിയുക്തം എതിർത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്, ‘ഇത് കോൺഗ്രസിനെ നന്നായി വിശദീകരിക്കുന്നു’ എന്നായിരുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് ദുരന്തങ്ങൾക്ക് കാരണമായ, പ്രശ്നങ്ങൾ ഉണ്ടാക്കിയ, നമ്മുടെ സൈനികരെ ഉപദ്രവിച്ചയാളെ സമാധാന കാംക്ഷിയായി അവതരിപ്പിക്കുന്നുവെന്നും ഈ ജനറലിനെ ആരാധിക്കുന്നവരും ഇന്ത്യയിലുണ്ടെന്നും ആയിരുന്നു രാജീവ് ചന്ദ്രശേഖരൻ ട്വീറ്റ് ചെയ്തത്.
‘2010 മുതൽ കാർഗിൽ വിജയ് ദിവസ് ആഘോഷിക്കാൻ മടിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ മുൻ വിദേശകാര്യ മന്ത്രി കരുതുന്നത് പാക് ജനറൽ സമാധാനത്തിനു വേണ്ടി പ്രവർത്തിച്ച ശക്തിയാണെന്നാണ്. കോൺഗ്രസിനെ കൃത്യമായി വിശദീകരിക്കുന്നു’ എന്നും രാജീവ് ചന്ദ്രശേഖരൻ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.