ബംഗാളിൽ ഗുണ്ടാപ്പട്ടിക ചോർത്തിയെന്ന്; പരാതിയുമായി രാജ്ഭവൻ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈമാറിയ ഗുണ്ടകളുടെയും ക്രിമിനലുകളുടെയും രഹസ്യ പട്ടിക ചീഫ് ഇലക്ടറൽ ഓഫിസറുടെ (സി.ഇ.ഒ) ഓഫിസിലെ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കൾക്ക് ചോർത്തിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് രാജ്ഭവൻ. ഉദ്യോഗസ്ഥരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.
സംസ്ഥാന സർക്കാറുമായി ഉടക്കിലുള്ള മലയാളി ഗവർണർ സി.വി. ആനന്ദബോസിന്റെ ഓഫിസ് മാർച്ച് രണ്ടാം വാരമാണ് പട്ടിക തയാറാക്കിയത്. ഡി.ജി.പി മുഖേനയാണ് ഉചിതമായ നടപടികൾക്കായി ചീഫ് ഇലക്ടറൽ ഓഫിസർക്ക് കൈമാറിയത്. രാജ്ഭവൻ നൽകിയ കുറ്റവാളികളുടെ പട്ടിക സി.ഇ.ഒ ഓഫിസിലെ ഏതാനും മുതിർന്ന ഉദ്യോഗസ്ഥർ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ചോർത്തി നൽകിയെന്നാണ് രാജ്ഭവന്റെ സംശയം.
രഹസ്യ പട്ടിക ചോർന്നതായി ആരോപിക്കപ്പെടുന്ന പാർട്ടിയുടെ പേര് വെളിപ്പെടുത്താൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു. ഗവർണറുടെ ഓഫിസും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് രാജ്ഭവൻ നീക്കം. രാജ്ഭവനിൽ ഗവർണർ സ്ഥാപിച്ച ‘പീസ് റൂമിൽ’ ഫോണിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സാമൂഹിക വിരുദ്ധരുടെ പേരുകൾ ശേഖരിച്ചത്.
തന്ത്രപ്രധാന വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അധികാരികളുടെ ബാധ്യതയായിരുന്നുവെന്നും രാജ്ഭവൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഗവർണർ ആനന്ദബോസ് തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി ഇടപെട്ടതിന് തൃണമൂൽ കോൺഗ്രസ് പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാനുള്ള ഗവർണറുടെ നീക്കം പരാതിയെത്തുടർന്ന് തടയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.