രാജ് കുന്ദ്ര: ബസ് കണ്ടക്ടറുടെ മകൻ ബ്രിട്ടീഷ് അതിസമ്പന്നനായതെങ്ങനെ
text_fieldsലണ്ടൻ: ''നിങ്ങൾക്ക് അറിയുമോ, എന്‍റെത് വളരെ ലളിതമായ തുടക്കം മാത്രമായിരുന്നു. ഇന്നത്തെ ആഡംബരം അന്നുണ്ടായിരുന്നില്ല''- ജൂഹുവിലെ 24 കോടി വിലയുള്ള ആഡംബര അപ്പാർട്മെന്റിൽ കോണിയിറങ്ങിവരുേമ്പാൾ മാധ്യമ പ്രവർത്തകനോടായി മുെമ്പാരിക്കൽ രാജ് കുന്ദ്ര പറഞ്ഞ വാക്കുകൾ. മുന്നിൽ നിർത്തിയിട്ട റോൾസ് റോയ്സ്, ബെന്റ്ലി, ലംബോർഗിനി കാറുകളും നിരവധി കാവൽക്കാരും താഴെ നിലയിൽ അത്യാഡംബരം തുളുമ്പുന്ന പാർട്ടി റൂമും മറ്റുമായി കുന്ദ്രയും തന്‍റെ ജീവിത പരിസരവും ഏറെ മാറിയിട്ടുണ്ട്. ഋതിക് റോഷന്‍റെ ഭാര്യ സൂസൻ അണിയിച്ചൊരുക്കിയ വീടിന്‍റെ പുതിയ കാഴ്ചകൾ എല്ലാം പറയും.
എന്നാൽ, പഴയ കുന്ദ്രയുടെ ജീവിതം ശരിക്കും മറ്റൊന്നായിരുന്നു. പഞ്ചാബിലെ ലുധിയാനയിൽനിന്ന് തൊഴിൽതേടി ലണ്ടനിലേക്ക് കുടിയേറിയ സാധാരണ കുടുംബത്തിലെ അംഗം. ഒരു കോട്ടൺ ഫാക്ടറിയിലായിരുന്നു പിതാവിന്‍റെ ആദ്യ വിദേശ ജോലി. അതുകഴിഞ്ഞ് ബസ് കണ്ടക്ടറായി. മാതാവ് ഒരു കണ്ണടക്കടയിൽ സഹായിയായി. 18ാം വയസ്സിൽ പഠനം നിർത്തി തൊഴിൽ തേടിയിറങ്ങിയ കുന്ദ്ര 2004 എത്തുേമ്പാഴേക്ക് ബ്രിട്ടനിലെ അതിസമ്പന്നരായ ഏഷ്യൻ വംശജരിൽ 198ാമനായി ഉയർന്നിരുന്നു.
പിതാവ് ബാൽ കൃഷൻ ഗ്രോസറി കച്ചവടത്തിലേക്ക് മാറുന്നതോടെയാണ് കുടുംബത്തിന്‍റെ സാമ്പത്തിക ചിത്രം മാറിമറിഞ്ഞത്. പോസ്റ്റ് ഓഫീസുകൾ വാങ്ങിയും (ബ്രിട്ടനിൽ അത് സാധ്യമാണ്) മരുന്നു കടകൾ സ്വന്തമായി തുടങ്ങിയും പിതാവ് വ്യവസായ ലോകം വളർത്തി. അതിവേഗത്തിലായിരുന്നു ഈ വെച്ചടികയറ്റമ. പിതാവിനെ കണ്ടുവളർന്ന മകൻ അങ്ങനെ എല്ലാം വീട്ടിൽനിന്നുതന്നെ തുടങ്ങി.
കച്ചവടം വളർത്താൻ ആദ്യം ദുബൈയിലും പിന്നീട് നേപാളിലുമെത്തി. നേപാളിൽ പരിചയപ്പെട്ട പഷ്മിന ഷോളുകൾ ബ്രിട്ടനിലെത്തിച്ച് വിപണി പിടിച്ചു. ആദ്യ വർഷം തന്നെ രണ്ടു കോടി യൂറോ വരുമാനമായി ലഭിച്ചു. പക്ഷേ, മത്സരം വന്നതോടെ ഷാൾവിൽപന പിടിച്ചുനിന്നില്ല. അതോടെ ദുബൈയിലെത്തി വജ്രവ്യാപാരത്തിലായി ശ്രദ്ധ. അവിടെ അതിവേഗം പിച്ചവെച്ചുയർന്ന കുന്ദ്ര 2009ൽ ശിൽപ ഷെട്ടിയെ വിവാഹം ചെയ്യുേമ്പാൾ ലോകത്തെ ഏറ്റവും വലിയ നിർമിതിയായ ബുർജ് ഖലീഫയുടെ 19ാം നിലയിലെ ഒരു മുറി വാങ്ങി നവവധുവിന് സമ്മാനിച്ചു. സെൻട്രൽ ലണ്ടനിൽ ഏഴു കോടിയുടെ ഒരു വീട് വേറെയും വാങ്ങി. സർറിയിൽ 'രാജ് മഹൽ' എന്ന പേരിൽ മൂന്നാമതൊന്നും.
വ്യവസായിയുടെ റോളിൽ നിറഞ്ഞുനിന്ന കുന്ദ്ര ഐ.പി.എല്ലിൽ രാജസ്ഥാൻ ടീമിന്‍റെ 11.7 ശതമാനം ഓഹരിയും സ്വന്തമാക്കി. സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിമുറുക്കിയ 2009ലായിരുന്നു അത്. ക്രിക്കറ്റിന്‍റെ സാമ്പത്തിക ശാസ്ത്രമറിയുന്ന ഒരാളുടെ വലിയ നിക്ഷേപം പക്ഷേ, തെറ്റിയില്ല. അന്ന് നിക്ഷേപിച്ചതിന്‍റെ അനേക ഇരട്ടിയാണ് ഇന്ന് ടീമിന്‍റെ വിപണി മൂല്യം.
നിർമാണം, പുനരുൽപാദക ഊർജം, സിനിമ, ക്രിക്കറ്റ്, സൂപർ ഫൈറ്റ് ലീഗ് തുടങ്ങി പലയിടത്തായി നിക്ഷേപമുള്ള കുന്ദ്രക്ക് പക്ഷേ, അതിലേറെ വലിയ ലോകം വേറെയുമുണ്ടെന്ന് ലോകമറിയുന്നത് പുതിയ നീലച്ചിത്ര കേസ് വരുന്നതോടെയാണ്. അതിൽ എത്രത്തോളം പങ്കുണ്ടെന്ന് പൊലീസ് അന്വേഷണം പുറത്തുകൊണ്ടുവരുമെങ്കിലും കുടുംബത്തിൽ ഇപ്പോഴേ അതിന്‍റെ പേരിൽ അങ്കം തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസ് ജുഹുവിലെ വീട്ടിലെത്തിയപ്പോൾ ശിൽപ പൊട്ടിക്കരഞ്ഞത് കുന്ദ്രയെ പഴിച്ചതും റിപ്പോർട്ടുകളുണ്ടായിരുന്നു. ഉറ്റ ബന്ധു തുടങ്ങിയ മൊബൈൽ ആപിനാവശ്യമായ നീലച്ചിത്രങ്ങൾ ഇന്ത്യയിൽ നിർമിച്ച് അയച്ചുകൊടുക്കുകയും അവ വിൽക്കാൻ അനുമതിയുള്ള ബ്രിട്ടനിൽ അപ്ലോഡ് ചെയ്യുകയുമാണ് രീതിയെന്നാണ് പൊലീസ് കണ്ടെത്തൽ. വെബ് പരമ്പരകൾക്കെന്ന പേരിൽ പെൺകുട്ടികളെ വലവീശിപ്പിടിച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. ഇവയത്രയും കൂടുതൽ അന്വേഷണങ്ങളിൽ തെളിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.