ഉദ്ധവിനെ പൂട്ടാൻ രഹസ്യ നീക്കവുമായി രാജ് താക്കറെയും ഷിൻഡെയും; 10 സീറ്റുകളിൽ രഹസ്യധാരണക്ക് ശ്രമം
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയെ പൂട്ടാൻ രഹസ്യ നീക്കവുമായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയും. ഉദ്ധവ് പക്ഷത്തിന് മുംബൈ നഗരവും കൊങ്കണുമാണ് പ്രധാനം. മുംബൈയിൽ ഉദ്ധവിന്റെ മകൻ ആദിത്യ മത്സരിക്കുന്ന വർളി, രാജിന്റെ മകൻ അമിത് താക്കറെ മത്സരിക്കുന്ന മാഹിം അടക്കം 10 സീറ്റുകളിൽ ഷിൻഡെയുമായി രഹസ്യധാരണയിലെത്താനാണ് രാജിന്റെ നീക്കം.
വർളിയിൽ ആദിത്യക്കെതിരെ മിലിന്ദ് ദേവ്റയെ ഷിൻഡെ പക്ഷം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദീപ് ദേശ്പാണ്ഡെയാണ് എം.എൻ.എസ് സ്ഥാനാർഥി. നിലവിൽ ത്രികോണ മത്സരത്തിനാണ് സാഹചര്യം. മിലിന്ദിനെ പിൻവലിക്കുകയോ എം.എൻ.എസിന് രഹസ്യ പിന്തുണ നൽകുകയോ ചെയ്താൽ മണ്ഡലത്തിലെ ചിത്രം മാറും.
മാഹിമിൽ രാജ് താക്കറെയുടെ മകനുവേണ്ടി സിറ്റിങ് എം.എൽ.എ സദാ സർവങ്കറെ പിൻവലിക്കാൻ ഷിൻഡെ തയാറാണ്. സർവങ്കറെ പിൻവലിച്ച് രാജിന്റെ മകന് പിന്തുണ നൽകാൻ ബി.ജെ.പിയും പരസ്യമായി ആവശ്യപ്പെട്ടു. എന്നാൽ, പിന്മാറാൻ സദാ സർവങ്കർ തയാറല്ല. മഹഷ് സാവന്താണ് ഇവിടെ ഉദ്ധവ് പക്ഷ സ്ഥാനാർഥി. വർളിയിൽ ആദിത്യയെ വീഴ്ത്തി മാഹിമിൽ മകനെ ജയിപ്പിക്കുകയാണ് രാജിന്റെ ലക്ഷ്യം. 2019ൽ വർളിയിൽ ആദിത്യ മത്സരിച്ചതിനാൽ രാജ് താക്കറെ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. അത് മാനിച്ച് ഇത്തവണ ഉദ്ധവ് പക്ഷം മാഹിമിൽ സ്ഥാനാർഥിയെ നിർത്തില്ലെന്നാണ് രാജ് കരുതിയത്.
എന്നാൽ, ഉദ്ധവ് ആദ്യം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇത് രാജിനെ ചൊടിപ്പിച്ചതായാണ് പറയപ്പെടുന്നത്. എന്നാൽ, മാഹിമിൽ സദാ സർവങ്കർ കടുത്ത നിലപാടെടുത്തതിനാൽ ഷിൻഡെ പക്ഷം ഇതുവരെ രാജിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.