ശിവസേനയുടെ തകർച്ചക്ക് കാരണം ഉദ്ധവെന്ന് രാജ് താക്കറെ
text_fieldsമുംബൈ: ശിവസേനയുടെ ഇന്നത്തെ ദുർഗതിക്ക് കാരണം ഉദ്ധവ് താക്കറെ മാത്രമാണെന്ന് അദ്ദേഹത്തിന്റെ സഹോദരനും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷനുമായ രാജ് താക്കറെ. താനും നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും മുൻ മുഖ്യമന്ത്രി നാരായൺ റാണെയും അടക്കമുള്ള മുതിർന്ന നേതാക്കൾ ശിവസേന വിടാനുള്ള ഏക കാരണം ഉദ്ധവ് ആണെന്നും രാജ് പറഞ്ഞു. ബുധനാഴ്ച രാത്രി ദാദറിലെ ശിവാജി പാർക്കിൽ നടന്ന ഗുഡി പഡ്‍വ ദിന റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്.
ബാൽ താക്കറെയോട് കൂറുള്ള നാരായൺ റാണെ ശിവസേന വിടാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്നെ പുകച്ചു പുറത്തു ചാടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞ റാണെ സ്വയം പുറത്തു പോകുകയായിരുന്നു. സംഘടനാതലത്തിൽ പദവികൾ നിഷേധിച്ച് തന്നെ പാർട്ടി പ്രചാരണങ്ങൾക്കു മാത്രം ഉപയോഗിക്കുകയായിരുന്നു. തന്നെ തീർത്തും ഒഴിവാക്കി. പോസ്റ്ററുകളിൽനിന്ന് തന്റെ ഫോട്ടോ നീക്കം ചെയ്യണമെന്ന നിർദേശവുമുണ്ടായി. വിമത നീക്കത്തിൽ തകർന്നതോടെയാണ് ഉദ്ധവ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതെന്നും മുഖ്യമന്ത്രിയായിരുന്നപ്പോൾ എം.എൽ.എമാരെ പോലും നേരിൽ കാണാൻ കൂട്ടാക്കിയിരുന്നില്ലെന്നും രാജ് താക്കറെ ആരോപിച്ചു. പ്രതിസന്ധിഘട്ടത്തിലും ഉദ്ധവ് ആത്മപരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാൽ താക്കറെയുടെ വലംകൈയായിരുന്ന രാജ് താക്കറെ 2005ലാണ് ശിവസേന വിട്ടത്. ഉദ്ധവ് താക്കറെയെ പാർട്ടി വർക്കിങ് പ്രസിഡന്റായി താക്കറെ നിയോഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. രാഷ്ട്രീയത്തിൽ അതുവരെ ഒപ്പം നിന്ന രാജിനെ തഴഞ്ഞാണ് ഫോട്ടോഗ്രഫിയിൽ മാത്രം താൽപര്യമുണ്ടായിരുന്ന ഉദ്ധവിനെ ബാൽ താക്കറെ പാർട്ടിയുടെ കടിഞ്ഞാൺ ഏൽപ്പിച്ചത്. ബാൽ താക്കറെയുടെ ഇളയ സഹോദരൻ ശ്രീക്കാന്ത് താക്കറെയുടെ മകനാണ് രാജ്. ഉദ്ധവിന്റെയും രാജിന്റെയും അമ്മമാരും സഹോദരിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.