താക്കറെ കുടുംബത്തിൽനിന്ന് ഒരാൾകൂടി; 2022ലെ തെരഞ്ഞെടുപ്പ് ചുമതലകൾ രാജ് താക്കറെയുടെ മകന്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ 10 മുനിസിപ്പൽ കോർപറേഷനിലേക്ക് അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ താക്കറെ കുടുംബത്തിൽനിന്ന് പുതിയൊരാൾ എത്തിയേക്കും.
രാജ് താക്കറെയുടെ മകൻ അമിത് താക്കറെയാണ് പാർട്ടിയുടെ ഭരണപരമായ ചുമതലകൾ അടുത്തവർഷം ഏറ്റെടുക്കുക. 2022ലെ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നവനിർമാൺ സേനയെ നയിക്കുന്നത് ഇദ്ദേഹമാകുമെന്നാണ് വിവരം.
ശിവസേന പ്രസിഡന്‍റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ, മകൻ ആദിത്യ താക്കറെ, മഹാരാഷ്ട്ര നവനിർമാൺ സേന ചീഫ് രാജ് താക്കറെ തുടങ്ങിയവരാണ് പ്രധാന താക്കറെ നേതാക്കൾ. ഉദ്ധവ് താക്കറെയുടെ അടുത്ത ബന്ധുവാണ് രാജ് താക്കറെ.
അമിത്തിനോട് തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കാനും നാസിക്കിൽ പ്രചാരണം ആരംഭിക്കാനും അനൗദ്യോഗികമായി രാജ് താക്കറെ നിർദേശം നൽകിയതായാണ് വിവരം. 2020 ജനുവരി 23നാണ് അമിത്തിന്‍റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ 94ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്.
എം.എൻ.എസിന് അഭിമാന പ്രശന്മാണ് നാസിക്കിലെ തെരഞ്ഞെടുപ്പ് വിജയം. പാർട്ടിയുടെ ജന്മസ്ഥലമാണിവിടം. 2006ൽ പാർട്ടി പിറവിയെടുത്തതിന് ശേഷം ഒറ്റക്ക് അധികാരത്തിലേറിയ സ്ഥലവും ഇവിടമാണ്. 2012ലെ തെരഞ്ഞെടുപ്പിൽ നാസിക് മുനിസിപ്പൽ കോർപറേഷനിൽ അധികാരത്തിലെത്തിയിരുന്നെങ്കിലും 2017ൽ ഭരണം നഷ്ടമായിരുന്നു.
'2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അമിത് താക്കറെ പാർട്ടിയുടെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം വഹിച്ചിരുന്നു. 2022ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം വലിയ പങ്ക് വഹിക്കും. എം.എൻ.എസിന്‍റെ ഭരണപരമായ ചുമതലകളും അദ്ദേഹം നിർവഹിക്കും. അനൗദ്യോഗികമായി രാജ് താക്കറെ നാസിക്കിൽ അമിത്തിനോട് പ്രചാരണം ആരംഭിക്കാനും നിർേദശം നൽകി' -എം.എൻ.എസ് മുതിർന്ന നേതാവ് 'ദ പ്രിന്‍റി'നോട് പറഞ്ഞു.
നാസിക്കിനെ കൂടാതെ മുംബൈ, പുണെ, പിംപ്രി ചിഞ്ച്വാദ്, താനെ, ഉല്ലാസ്നഗർ, നാഗ്പുർ, അമരാവതി, അകോല, സോലാപുർ എന്നിവിടങ്ങളും തെരഞ്ഞെടുപ്പ് നേരിടും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 29കാരനായ അമിത് രണ്ടുതവണ നാസിക്കിൽ സന്ദർശനം നടത്തിയിരുന്നു. കൂടാതെ എം.എൻ.എസ് നേതാക്കളുമായി യോഗം ചേരുകയും പാർട്ടിയുടെ വിദ്യാർഥി, യുവ നേതാക്കളുമായി കൂടിയാേലാചനകൾ നടത്തുകയും ചെയ്തിരുന്നു.
2017ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ നിരവധി നേതാക്കൾ ബി.ജെ.പിയിേലക്ക് പോയിരുന്നു. എന്നാൽ പാർട്ടിയുടെ അടിത്തറ ഇളകിയിട്ടില്ല. നിരവധിപേർ പാർട്ടിയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നുണ്ട്. അമിത് എല്ലാ ബൂത്തുകളിലും യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ വിവിധ വാർഡുകളിൽ സ്ഥാനാർഥികളെ കണ്ടെത്താനും ശ്രമം നടത്തുന്നു' -എം.എൻ.എസ് നേതാക്കളിലൊരാൾ പറഞ്ഞു.
അഞ്ചുവർഷത്തെ ബി.െജ.പി ഭരണവും അഞ്ചുവർഷത്തെ എം.എൻ.എസ് ഭരണവും ചർച്ചയാക്കിയാണ് അമിത് പ്രചാരണത്തിന് ചുക്കാൻ പിടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.