നാസികിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച 150 എം.എൻ.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു
text_fieldsമുംബൈ: പള്ളികൾക്ക് പുറത്ത് ഹനുമാൻ ചാലിസ വായിക്കുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ വീണ്ടും പ്രഖ്യാപിച്ചതോടെ നാസികിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച 150 എം.എൻ.എസ് പ്രവർത്തകർ അറസ്റ്റിൽ. സംസ്ഥാനത്ത് ക്രമസമാധാനം നില നിർത്താനുള്ള മുൻകരുതലായാണ് അറസ്റ്റെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
"വർഗീയ സംഘർഷം സൃഷ്ടിച്ചതിന് നാസിക്കിൽ 150 എം.എൻ.എസ് പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിച്ച് വരികയാണ്. സംഘർഷ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്"-ഐ.ജി ബി.ജി ശേഖര് പാട്ടീൽ പറഞ്ഞു. ഉച്ചഭാഷിണി വിഷയത്തിൽ നിയപരമായാണ് പ്രവർത്തിക്കുന്നതെന്നും അധികൃതരുടെ അനുമതിയില്ലാത്ത ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്നും ഐ.ജി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര സർക്കാറിനെ വെല്ലുവിളിച്ച് രാജ് താക്കറെ ബുധനാഴ്ച വീണ്ടും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സർക്കാർ നടപടിയെടുക്കുന്നത് വരെ പള്ളികൾക്ക് പുറത്ത് ഹനുമാൻ ചാലിസ വായിച്ച് കൊണ്ടിരിക്കുമെന്ന് താക്കറെ മുന്നറിയിപ്പ് നൽകി. മുംബൈയിൽ 1,140ലധികം പള്ളികളുണ്ട്. ഇതിൽ 135 പള്ളികൾ പുലർച്ചെ അഞ്ച് മണിക്ക് ബാങ്ക് വിളിക്കുന്നു. ഞങ്ങൾക്ക് സംസ്ഥാനത്ത് സമാധാനം വേണമെന്നും പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നൽകി.
മെയ് മൂന്നിനകം സംസ്ഥാനത്തെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ പള്ളികൾക്ക് പുറത്ത് ഹനുമാൻ ചാലിസ വായിക്കുമെന്നും ഏപ്രിൽ 12ന് രാജ് താക്കറെ മാഹാരാഷ്ട്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായത്. ഹനുമാൻ ചാലിസ വെല്ലുവിളിയിൽ രാജ് താക്കറെക്കെതിരെ ചൊവ്വാഴ്ച മഹാരാഷ്ട്ര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.