രാജാ മാൻസിങ് ഏറ്റുമുട്ടൽ കൊല: 11 പൊലീസുകാർക്ക് ജീവപര്യന്തം
text_fieldsമഥുര: രാജസ്ഥാനിൽ 35 വർഷം മുമ്പ് നഖന്ന ഏറ്റുമുട്ടൽ കൊലയിൽ പ്രതികളായ 11 പൊലീസുകാർക്ക് ജീവപര്യന്തം തടവ്. സ്വതന്ത്ര എം.എൽ.എയും ഭരത്‌പുർ രാജകുടുംബാംഗവുമായ രാജാ മാൻസിങ് കൊല്ലപ്പെട്ട കേസിലാണ് മഥുരയിലെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്. പ്രതികൾ പതിനായിരം രൂപ വീതം പിഴയും അടക്കണം.
1985 ഫെബ്രുവരി 21നാണ് പൊലീസ് വെടിവെപ്പിൽ മാൻസിങ് കൊല്ലപ്പെട്ടത്. ദീഗിലെ മുൻ ഡി.എസ്.പി. കാൻസിങ് ഭാട്ടി, പൊലീസുകാരായ വീരേന്ദ്രസിങ്, സുഖ്റാം, ജഗ്റാം, ജഗ്മോഹൻ, ഷേർസിങ്, പദ്മറാം, ഹരിസിങ്, ഛിദാർസിങ്, ഭവാർ സിങ്, രവി ശേഖർ എന്നിവരാണ് കേസിലെ പ്രതികൾ. ജഡ്ജി സാധ്ന റാണി ഠാക്കൂറാണ് ശിക്ഷ വിധിച്ചത്. പ്രതികളെ മഥുര സെൻട്രൽ ജയിലിലേക്ക് മാറ്റി. 18 പോലീസുകാരാണ് കേസിൽ പ്രതികളായുണ്ടായിരുന്നത്. നാല് പേർ വിചാരണ കാലയളവിൽ മരിച്ചു. മൂന്ന് പേരെ കോടതി വെറുതെവിട്ടു.
ഹെലികോപ്റ്ററിൽ ജീപ്പിടിച്ചു കയറ്റി; കീഴടങ്ങാനെത്തിയപ്പോൾ വെടിവെച്ചു വീഴ്ത്തി
1985ൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണവേളയിലാണ് രാജാ മാൻസിങ്ങും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടത്. ദീഗ് മണ്ഡലത്തിൽ മത്സരിക്കുന്ന മാൻസിങ്ങിനെതിരേ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ബ്രിജേന്ദ്ര സിങ്ങായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. ഇദ്ദേഹത്തിെൻറ പ്രചരണത്തിനായി ഫെബ്രുവരി 20ന് മുഖ്യമന്ത്രി ശിവ്ചരൺ മാഥൂർ മണ്ഡലത്തിലെത്തി.
ഈസമയം കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ കൊടിതോരണം നശിപ്പിച്ചതിന് പകരം ചോദിക്കാൻ യോഗസ്ഥലത്തേക്ക് മാൻസിങ് ജീപ്പിൽ വന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിലേക്കാണ് ഇയാൾ ജീപ്പ് ഇടിച്ചുകയറ്റിയത്. ഹെലികോപ്റ്റർ നശിപ്പിച്ചതിന് മാൻസിങ്ങിനെതിരെ പൊലീസ് കേസെടുത്തു. പിറ്റേദിവസം രണ്ട് കൂട്ടാളികളോടൊപ്പം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയി. ഇതിനിടെയാണ് ഡി.എസ്.പിയുടെ നേതൃത്വത്തിൽ ഇവർക്കെതിരേ വെടിയുതിർത്തത്. വെടിവെപ്പിൽ രാജാ മാൻസിങ്ങും കൂട്ടാളികളും കൊല്ലപ്പെട്ടു.
ഏറെ വിവാദമായ ഈ സംഭവം മുഖ്യമന്ത്രി ശിവ്ചരൺ മാഥൂറിെൻറ രാജിയിലാണ് കലാശിച്ചത്. കേസ് സി.ബി.ഐ ഏറ്റെടുത്തു. രാജാ മാൻസിങ്ങിെൻറ മകൾ കൃഷ്ണേന്ദ കൗർ ദീപയുടെ ഹർജി പരിഗണിച്ച് സുപ്രീംകോടതി കേസിെൻറ വാദം രാജസ്ഥാനിൽനിന്ന് മഥുരയിലേക്ക് മാറ്റിയിരുന്നു. 1700ലേറെ തവണ വാദം കേട്ട്, 35 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.