രാജസ്ഥാനിലെ വിദ്യാർഥി ആത്മഹത്യകൾ: പഠന സമയം കുറക്കണമെന്ന് ഉന്നതതല കമ്മിറ്റി ശിപാർശ
text_fieldsകോട്ട (രാജസ്ഥാൻ): വിദ്യാർത്ഥി ആത്മഹത്യകൾ വർധിച്ച രാജസ്ഥാനിലെ കോട്ടയിൽ കുട്ടികളുടെ ദിനചര്യയിൽ രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പഠന സമയം കുറയ്ക്കാനും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും കോച്ചിംഗ് കേന്ദ്രങ്ങൾക്ക് ഉന്നതതല കമ്മിറ്റി നിർദേശം നൽകി. വിദഗ്ധരും സാമൂഹിക ക്ഷേമ സംഘടനകളുടെയും ആത്മീയ യോഗ കൂട്ടായ്മകളുടെയും പ്രതിനിധികളുമായി സംസ്ഥാനതല കമ്മിറ്റി നടത്തിയ യോഗത്തിന് ശേഷമാണ് നിർദേശം വന്നതെന്ന് കോട്ട ജില്ലാ കലക്ടർ ഒ.പി ബങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി ഭവാനി സിങ് ദേത്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. നീറ്റ്, ജെ.ഇ.ഇ കോച്ചിങ് വിദ്യാർഥികർക്കിടയിലാണ് ആത്മഹത്യ നിരക്ക് വർധിച്ചത്. തുടർന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉന്നതകമ്മിറ്റിക്ക് രൂപം നൽകിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ കോട്ടയിൽ 20ലധികം ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ആത്മഹത്യ കുറക്കാൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിരുന്നു. ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല സമിതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും ബങ്കർ പറഞ്ഞു. എന്നാൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച് സർക്കാരിന് ഇടപെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നഗരത്തിലുടനീളമുള്ള എല്ലാ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംസ്ഥാനതല സംഘം ആരോഗ്യ സർവേ നടത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സംശയാസ്പദമായ പ്രവണതകളുള്ള വിദ്യാർത്ഥികളെ കണ്ടെത്തി കൗൺസിലിങ്ങിന് അയയ്ക്കുന്നുവെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.