ഉദയ്പൂർ കൊലപാതകം: ഇന്ന് ജയ്പൂരിൽ വ്യാപാരി ബന്ദ്, സമാധാന ശ്രമവുമായി സർവകക്ഷി യോഗം
text_fieldsജയ്പൂര്‍: ഉദയ്പൂരിൽ തയ്യൽകാരൻ കനയ്യലാലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നാം ദിനമായ ഇന്നും പ്രതിഷേധവുമായി ബി.ജെ.പിയും വി.എച്ച്.പിയും. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരിൽ വ്യാപാരികൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജയ്പൂർ മാർക്കറ്റിൽ കടകൾ തുറക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യാപാരി സംഘടനയായ സംയുക്ത് വ്യാപാർ സംഘ് അറിയിച്ചു.
അതിനിടെ സമാധാനം പുനസ്ഥാപിക്കാൻ സർവകക്ഷി യോഗം ചേർന്ന് രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും അതീവ ജാഗ്രതയാണ് ഉള്ളത്. സംസ്ഥാനത്ത് ജനജീവിതം സമാധാന പൂർണമാകണമെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിൻ്റെ നിലപാടിനെ മുഴുവൻ പാർട്ടികളും പിന്തുണച്ചു. കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഗ്രാമീണ മേഖലകളിൽ ഒറ്റപ്പെട്ട ചില സംഘർഷങ്ങൾ ഇന്നലെയും ഉണ്ടായി.
കൊലപാതകക്കേസിൽ മുഖ്യപ്രതികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർ ചൊവ്വാഴ്ച തന്നെ അറസ്റ്റിലായിരുന്നു. ഇതിൽ ഗൗസ് മുഹമ്മദിന് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി ഇന്നലെ രാജസ്ഥാൻ ഡി.ജി.പി എം.എൽ. ലാത്തർ പറഞ്ഞു. പാകിസ്താൻ ആസ്ഥാനമായ ദഅവത്തെ ഇസ്‍ലാമി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും 2014ൽ ഇയാൾ കറാച്ചി സന്ദർശിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഈ സംഘടനക്ക് മുംബൈയിലും ഡൽഹിയിലും ഓഫിസുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ റിയാസ് വെൽഡറാണ്. കനയ്യലാലിനെ കുത്താൻ ഉപയോഗിച്ച ആയുധം അഞ്ചു വർഷം മുമ്പ് റിയാസ് നിർമിച്ചതാണെന്നും ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.