മതംമാറണമെങ്കിൽ 60 ദിവസം മുമ്പ് ജില്ല മജിസ്ട്രേറ്റിന് അപേക്ഷ നൽകണം, മതംമാറാൻ വിവാഹം കഴിച്ചാൽ വിവാഹം അസാധുവാക്കും -രാജസ്ഥാനിലെ പുതിയ ബില്ലിലെ വ്യവസ്ഥകൾ ഇങ്ങനെ
text_fieldsജയ്പുർ: രാജസ്ഥാൻ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിൽ കടുത്ത വ്യവസ്ഥകൾ. ഒരാൾ മതം മാറാൻ ആഗ്രഹിക്കുന്നുവെങ്കില്‍ 60 ദിവസം മുമ്പ് ജില്ല മജിസ്ട്രേറ്റിന് അപേക്ഷ നൽകണമെന്ന് ബില്ലില്‍ പറയുന്നു. തുടർന്ന് ജില്ല മജിസ്ട്രേറ്റ് ഈ അപേക്ഷ പരിശോധിക്കും. നിർബന്ധിത മതപരിവർത്തനമാണോ അല്ലയോ എന്നതാണ് പരിശോധിക്കുക. നിർബന്ധിതമോ പ്രലോഭനമോ അല്ലെന്ന് കണ്ടെത്തിയാൽ മാത്രമേ അപേക്ഷയുമായി മുന്നോട്ട് പോകാൻ അനുവദിക്കൂ. അല്ലാത്ത പക്ഷം തടയും. മതംമാറാൻ ഉദ്ദേശിക്കുന്നവരെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും പിന്തിരിപ്പിക്കാനാണ് ഈ വ്യവസ്ഥയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഏതെങ്കിലും വ്യക്തിയെ ബലപ്രയോഗത്തിലൂടെയോ നിർബന്ധിതമായോ മതം മാറ്റുന്നതിൽനിന്ന് വിലക്കാനാണ് ഇതെന്നാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി നേതൃത്വം പറയുന്നത്. മതപരിവർത്തനം ലക്ഷ്യമിട്ട് ഒരു വ്യക്തി വിവാഹം കഴിച്ചാൽ, ആ വിവാഹം അസാധുവാക്കാൻ പുതിയ ബിൽ കുടുംബ കോടതിക്ക് അധികാരം നൽകുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. ബില്ലിൽ വിവിധ നിയമലംഘനങ്ങൾക്ക് ഒരു വർഷം മുതൽ 10 വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ ജാമ്യമില്ലാ കുറ്റങ്ങളടക്കം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പാർലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ പറഞ്ഞു.
വഞ്ചന, ബലപ്രയോഗം അല്ലെങ്കിൽ അനാവശ്യ സ്വാധീനം എന്നിവയിലൂടെ ഒരാളുടെ മതം മാറ്റുന്നത് നിർദ്ദിഷ്ട ബിൽ തടയുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മതപരിവർത്തനം തടഞ്ഞുള്ള ബില്ല് രാജസ്ഥാന്റെ വികസനത്തിനും പൊതുക്ഷേമത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്ന് സംസ്ഥാന നിയമമന്ത്രി പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന യു.പി, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ മതപരിവർത്തനം വിലക്കിയുള്ള നിയമം കൊണ്ടുവന്നിരുന്നു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് രാജസ്ഥാനിൽ ബില്ലിന് അംഗീകാരം നൽകിയത്. വരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.