സ്വവർഗ വിവാഹത്തിൽ അഭിപ്രായം അറിയിച്ചത് ഏഴ് സംസ്ഥാനങ്ങൾ; രാജസ്ഥാനും അസമും ആന്ധ്രയും എതിർത്തു
text_fieldsന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനെ അഭിപ്രായമറിയിച്ചത് ഏഴ് സംസ്ഥാനങ്ങൾ. രാജസ്ഥാൻ, അസം, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിൽ എതിർപ്പ് അറിയിച്ചപ്പോൾ, മറ്റ് നാല് സംസ്ഥാനങ്ങൾ -സിക്കിം, മഹാരാഷ്ട്ര, യു.പി, മണിപ്പൂർ -എന്നിവ അഭിപ്രായം അറിയിക്കാൻ കൂടുതൽ സമയം തേടി. വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജിയിൽ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരും ബെഞ്ചിലുണ്ട്.
സ്വവർഗ വിവാഹത്തിനെതിരാണ് സംസ്ഥാനത്തെ പൊതുവികാരമെന്നാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ കേന്ദ്രത്തെ അറിയിച്ചത്. എന്നിരുന്നാലും, ഒരേ ലിംഗക്കാരായ രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതിനെ തെറ്റായി കാണാനാവില്ലെന്നും രാജസ്ഥാൻ പറയുന്നു. പക്ഷേ, സ്വവർഗ വിവാഹങ്ങൾ സാമൂഹിക ഘടനയെ അസ്ഥിരപ്പെടുത്തും. അത് സമൂഹത്തിലും കുടുംബവ്യവസ്ഥയിലും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. എല്ലാ ജില്ല കലക്ടർമാരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, ഇത്തരം രീതികൾ ഒരു ജില്ലയിലും നിലവിലില്ലെന്നാണ് അവർ റിപ്പോർട്ട് നൽകിയത്. പൊതു സമൂഹം സ്വവർഗവിവാഹത്തിന് അനുകൂലമാണെങ്കിൽ മാത്രമേ അതിന് നിയമസാധുത നൽകേണ്ടതുള്ളൂവെന്ന് രാജസ്ഥാൻ വ്യക്തമാക്കി.
വൈ.എസ്.ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശും സ്വവർഗ വിവാഹത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിവിധ മതനേതാക്കളുമായി വിഷയം ചർച്ച ചെയ്തെന്നും അവരെല്ലാം എതിർത്തുവെന്നും സംസ്ഥാനം അറിയിച്ചു.
സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നത് വിവിധ മതവിഭാഗങ്ങളും ഗോത്രങ്ങളും ജീവിതരീതികളും നിലവിലുള്ള അസമിലെ സാമൂഹിക ഘടനയെ സാരമായി ബാധിക്കുമെന്ന് ബി.ജെ.പി ഭരണത്തിലുള്ള അസം സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.