ശൈശവ വിവാഹം തിരിച്ചുവരുന്നു?; അനുകൂല നിയമ ഭേദഗതിയുമായി ഇൗ സംസ്ഥാനം, വ്യാപക പ്രതിഷേധം
text_fieldsജയ്പുർ: രാജ്യത്തുനിന്ന് തുടച്ചുനീക്കിയ ശൈശവ വിവാഹത്തിന് നിയമസാധുത നൽകുന്ന ഭേദഗതിയുമായി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. പ്രക്ഷോഭങ്ങൾക്കിടയിൽ, രാജസ്ഥാൻ നിയമസഭ വെള്ളിയാഴ്ച നിർബന്ധിത രജിസ്ട്രേഷൻ ഭേദഗതി ബിൽ-2021 പാസാക്കി. 2009 ലെ രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ ആക്ട് ഭേദഗതി ചെയ്താണ് പുതിയ നിയമം വന്നത്.
പുതിയ നിയമത്തിലെ സെക്ഷൻ എട്ട് അനുസരിച്ച്, വധൂവരന്മാർക്ക് 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന സ്ഥലത്തെ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് വിവാഹ രജിസ്ട്രേഷനായി അപേക്ഷിക്കാം. 21 വയസിൽ താഴെയുള്ള വരനും 18 വയസിൽ താഴെയുള്ള വധുവും തമ്മിൽ വിവാഹം കഴിച്ചാൽ 30 ദിവസത്തിനകം അടുത്ത ബന്ധുക്കളോ രക്ഷകർത്താവോ രജിസ്ട്രേഷൻ നിർവ്വഹിക്കണമെന്ന് നിയമത്തിൽ പറയുന്നു. നേരത്തെ, വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ ജില്ലാ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് (ഡിഎംആർഒ) മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. വെള്ളിയാഴ് പാസാക്കിയ ബിൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഡിഎംആർഒയെയും ബ്ലോക്ക് എംആർഒയെയും നിയമിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നു.
പാർലമെൻററികാര്യ മന്ത്രി ശാന്തികുമാർ ധരിവാളാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമസഭയിലെ ബിജെപി നേതാക്കൾ ബില്ലിനെ ശക്തമായി എതിർത്തു. എന്നാൽ ബില്ല് കാരണം ബാലവിവാഹം സാധുതയുള്ളതാകില്ല എന്നാണ് സർക്കാർ വാദം. 'ബാലവിവാഹം സാധുതയുള്ളതാണെന്ന് ബില്ലിൽ പറയുന്നില്ല. വിവാഹത്തിന് ശേഷമുള്ള രജിസ്ട്രേഷനെപറ്റി മാത്രമാണ് ബിൽ പറയുന്നത്.
അത്യാവശ്യമാണത്. ശൈശവ വിവാഹം സാധുതയുള്ളതാണെന്ന് ഇത് അർഥമാക്കുന്നില്ല. ജില്ലാ കളക്ടർ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോഴും ശൈശവ വിവാഹങ്ങൾക്കെതിരെ നടപടിയെടുക്കാം'-മന്ത്രി ശാന്തികുമാർ ധരിവാൾ പറഞ്ഞു.'ഭേദഗതി കേന്ദ്ര നിയമത്തിന് വിരുദ്ധമല്ല. വിവാഹങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്'-അദ്ദേഹം പറഞ്ഞു. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിെൻറ മറവിൽ ശൈശവ വിവാഹങ്ങളെ നിയമവിധേയമാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു.
'ഈ നിയമം പൂർണമായും തെറ്റാണെന്ന് ഞാൻ കരുതുന്നു. അത് പാസാക്കിയ നിയമനിർമ്മാതാക്കൾ അത് കണ്ടില്ല. ബില്ലിലെ സെക്ഷൻ എട്ട് ബാലവിവാഹങ്ങൾക്കെതിരെ നിലവിലുള്ള നിയമത്തെ ലംഘിക്കുന്നു'-ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. നേരത്തേയുള്ള നിയമത്തിൽ വധുവിേൻറയും വരേൻറയും പ്രായം 21 ആണെന്നായിരുന്നു ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.