രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് മണി വരെ 68.24 ശതമാനം പോളിങ്
text_fieldsജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ വൈകീട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ 68.24 ശതമാനം പോളിങ്. വൈകീട്ട് ആറ് മണിയോടെ പോളിങ് പൂർത്തിയായി. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ല. സംസ്ഥാനത്തെ 200 സീറ്റുകളിൽ 199 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ശ്രീഗംഗാനഗർ കരൺപുർ മണ്ഡലത്തിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
കോൺഗ്രസും ബി.ജെ.പിയും തുല്യശക്തികളായി നേർക്കുനേർ പോരാട്ടം നടക്കുന്ന രാജസ്ഥാനിൽ രണ്ടു പാർട്ടികൾക്കും ചങ്കിടിപ്പായി നിരവധി ചെറുകക്ഷികളും വിമതരടക്കം സ്വതന്ത്രരും ഒരുകൈ നോക്കുന്നുണ്ട്. മായാവതിയുടെ ബി.എസ്.പി എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി 86 സീറ്റിലും സി.പി.എം 17 സീറ്റിലും ബലപരീക്ഷണം നടത്തുന്നു. ആർ.എൽ.പി, ഭാരതീയ ട്രൈബൽ പാർട്ടി, ആർ.എൽ.ഡി, ജെ.ജെ.പി, എ.ഐ.എം.ഐ.എം, ആസാദ് സമാജ് പാർട്ടി എന്നിവ മറ്റു പാർട്ടികൾ. കഴിഞ്ഞ തവണ പ്രധാന പാർട്ടികളെ പിന്തള്ളി ജയിച്ചത് 13 സ്വതന്ത്രരാണ്. ചെറുപാർട്ടികളും സ്വതന്ത്രരും ചേർന്ന് പിടിച്ചത് 22 ശതമാനം വോട്ടും ആകെ 27 സീറ്റുമാണ്. കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും വോട്ടിലെ അന്തരം അര ശതമാനം മാത്രം.
199 മണ്ഡലങ്ങളിലായി 5,25,38,105 പേർക്കാണ് വോട്ടവകാശം. ഇക്കൂട്ടത്തിൽ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകൾ 2.52 കോടി, പുരുഷന്മാർ 2.73 കോടി. വോട്ടർപട്ടികയിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരിൽ കൂടുതൽ സ്ത്രീകളായിരുന്നു. 1875 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 183 പേർ മാത്രമാണ് സ്ത്രീകൾ. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.