സവാള പാടങ്ങളിൽ വിഷവിത്തെറിഞ്ഞ് ബാലക് നാഥ്
text_fieldsസവാള പാടങ്ങൾക്കരികെ, ദാരിദ്ര്യം സമൃദ്ധമായി വിളയുന്ന ഹമീരാക ഹരിജൻ കോളനിയിലേക്ക് പൊടിക്കാറ്റ് പറത്തി ഒന്നിനു പുറകെ ഒന്നായി ഒരുകൂട്ടം എസ്.യു.വികൾ ഓടിക്കയറി. അതിലെത്തിയ മറ്റുള്ളവർ ഇറങ്ങി ഓച്ഛാനിച്ചു നിൽക്കേ, എ.സിയുടെ സുഖശീതളിമയിൽനിന്ന് ഒരു കാഷായ വേഷധാരിയാണ് അവസാനം ഇറങ്ങിയത്.
തിജാരയിലെ ബി.ജെ.പി സ്ഥാനാർഥി മഹന്ത് ബാലക് നാഥ്. കാവി തലക്കെട്ട്. ക്ലീൻ ഷേവ്. ചിരി മറന്ന ഗൗരവം. സന്യാസ പരിത്യാഗത്തിന്റെ സൂചകമാണ് കാവിയെങ്കിലും, ഈ സ്വാമിയുടെ കാവി തലക്കെട്ടിനിടയിൽ മരത്തിൽ നിർമിച്ച് വലിയ വജ്രക്കല്ല് പതിച്ച വിലകൂടിയ വളയക്കമ്മൽ.
അരനൂറ്റാണ്ടിനിടയിൽ തിജാരയിൽ ഒരു തവണമാത്രം ജയിച്ച ചരിത്രം മാറ്റിമറിക്കാനാണ് എം.പിയായിരിക്കേത്തന്നെ എം.എൽ.എ സ്ഥാനത്തേക്ക് ബാലക് നാഥിനെ ബി.ജെ.പി മത്സരിപ്പിക്കുന്നത്. യു.പിയിൽ യോഗി ആദിത്യനാഥ് എന്ന പോലെ രാജസ്ഥാനിലെ യോഗിയാകാനുള്ള പുറപ്പാടിലാണ് 39കാരനായ സന്യാസി.
ബാലക് യോഗിയെന്ന് അറിയപ്പെടാനാണ് ഇഷ്ടം. നിയമസഭ തെരഞ്ഞെടുപ്പിൽ പത്രിക നൽകാൻ പോയത് ബുൾഡോസറിൽ!. വസുന്ധര രാജെയും കേന്ദ്രനേതാക്കളും പരസ്പരം ഇടഞ്ഞു നിൽക്കുന്ന ഒഴിവിൽ യു.പിയിലെന്നപോലെ രാജസ്ഥാനിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുവരാനാണ് അധ്വാനമത്രയും.
വേഷം കാഷായമാണെങ്കിലും, വിതരണം വിഷക്കഷായമാണെന്ന് പ്രസംഗം കേൾക്കുന്നവർ പറഞ്ഞു പോകും. ആൾവാറിൽ വിഭാഗീയത പടർത്തുന്നതിൽ ബാലക് നാഥിന്റെ നാവിന് നല്ലൊരു പങ്കുണ്ട്.
ഹരിജൻ കോളനിയിലേക്ക് പറഞ്ഞതിനേക്കാൾ മൂന്നു മണിക്കൂർ വൈകിയുള്ള വരവായിരുന്നു ബാലക് നാഥിന്റേത്. സ്ഥാനാർഥി എത്തുന്നതിന് ഒരൽപം മുമ്പ് സ്ഥലത്തെ ഏതാനും ബി.ജെ.പിക്കാർ എത്തി. എല്ലാവരും കൂലിപ്പണിക്കു പോയ കോളനിയിൽ അതുവരെ ഒച്ചയനക്കങ്ങൾ ഉണ്ടായിരുന്നില്ല.
ഹരിജൻ കോളനിക്കാർ തലയിൽ വെക്കേണ്ട താമരത്തൊപ്പി, സ്ഥാനാർഥിക്ക് ഇടേണ്ട ബന്ദിപ്പൂ മാല തുടങ്ങിയ സന്നാഹങ്ങൾ ബി.ജെ.പിക്കാരുടെ കൈയിൽ ഉണ്ടായിരുന്നു. വോട്ടർമാരായ ‘ഹരിജന’ങ്ങളെ വരിവരിയായി നിർത്തി ബന്ദിപ്പൂമാല സ്ഥാനാർഥി തോളിൽ സ്വീകരിച്ചു. കാൽതൊടാൻ കുനിഞ്ഞവരെ അനുഗ്രഹിച്ചു. അമ്പതോളം കേൾവിക്കാരിൽ ബഹുഭൂരിപക്ഷം വരുന്ന കൊച്ചുകുട്ടികൾ താമരത്തൊപ്പി കൈയടക്കി നിലത്ത് ചമ്രം പടിഞ്ഞിരുന്നു. അവർക്കു പിന്നിൽ കുറെ സ്ത്രീകൾ.
കോളനിയുടെ കാര്യങ്ങൾ ബാലക് നാഥ് ചോദിച്ചു. കേന്ദ്രസർക്കാറിന്റെ ജലജീവൻ പദ്ധതിപ്രകാരം വെള്ളം എത്തുന്നില്ലേ? ഇടവഴി ടാർ ചെയ്ത് നേരെയാക്കിയിട്ടില്ല. കോൺഗ്രസുകാർക്ക് വോട്ടുചെയ്താൽ ഇതെല്ലാം അങ്ങനെത്തന്നെ കിടക്കും.
അവർ ആർക്കു വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് അറിയാമല്ലോ. ‘നമ്മൾ’ ഒന്നിച്ചു നിൽക്കണം -സ്ഥാനാർഥി ചുരുങ്ങിയ വാക്കുകളിൽ ഉന്നം കൃത്യമായി പറഞ്ഞു. എല്ലാവരും കൈയടിച്ചു. ബാലക് നാഥ് നടന്നു വണ്ടിയിൽ കയറി. പൊടിപറത്തി വാഹനക്കൂട്ടം അടുത്ത സ്ഥലത്തേക്ക്. 10 മിനിട്ടുകൊണ്ട് കോളനി വീണ്ടും പഴയപടി.
അടുത്ത സ്വീകരണ കേന്ദ്രത്തിൽ ബാലക് നാഥിന്റെ ചിത്രത്തിന് പശ്ചാത്തലമൊരുക്കാൻ ഒരു മുസ്ലിം വയോധികനെയും ഒരു സിഖുകാരനെയും എത്തിച്ചിരുന്നു. രാജ്യത്തെ മുന്നോട്ടു നയിക്കാൻ എല്ലാവരും ഐക്യത്തോടെ നീങ്ങണമെന്ന വിധത്തിലാണ് അവിടെ പ്രസംഗം.
പാടങ്ങളെ വകഞ്ഞ് സ്ഥാനാർഥിയും സംഘവും പിന്നെയും പൊടിപറത്തി ഓടിക്കൊണ്ടിരുന്നു. ആൾവാറും തിജാരയും രാജസ്ഥാനിൽ സവാള വിളയുന്ന പ്രധാന മേഖലകളിൽ ഒന്നാണ്. വിയർപ്പിനു വിലകിട്ടാത്ത വിധം സവാളക്ക് വിലയിടിഞ്ഞ് കർഷകർ കണ്ണീരിലാണ്. അതേക്കുറിച്ചൊന്നും സ്ഥാനാർഥി എവിടെയും പറയുന്നില്ല.
എന്നാൽ, വിഭജനത്തിന്റെ പല പ്രസംഗങ്ങൾകൊണ്ട് ഇതിനകം ജൂനിയർ യോഗിയായി മാറിക്കഴിഞ്ഞിട്ടുണ്ട് ബാലക് നാഥ്.
രാജസ്ഥാന്റെ മറ്റു മേഖലകളിൽനിന്നു ഭിന്നമായി, ആൾവാറും തൊട്ടടുത്ത നൂഹുമെല്ലാം പശുഗുണ്ടകളുടെ അഴിഞ്ഞാട്ട കേന്ദ്രമാണ്. കാലിക്കടത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട അതിക്രമങ്ങൾ ഹിന്ദു-മുസ്ലിം വിഭാഗീയത വർധിപ്പിച്ചു. ഇന്നാട്ടുകാരനല്ലെങ്കിലും മേവാത്ത് മേഖലയിലെ ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് അനുസൃതമാണ് യാദവനായ ബാലക് നാഥിന്റെ എം.പി സ്ഥാനം.
മുൻ ബി.ജെ.പി എം.പി മഹന്ത് ചാന്ദ്നാഥ്, ബാലക് നാഥ്, യോഗി ആദിത്യനാഥ്, പ്രമുഖ ‘യോഗ’ വ്യാപാരി ബാബ രാംദേവ് തുടങ്ങിയവർ ഹരിയാനയിലെ ബാബ മസ്ത്നാഥ് മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു പോരുന്നവരാണ്. ബാലക് നാഥിനു വേണ്ടി തിജാരയിലെ പ്രചാരണത്തിന് ആദ്യം ഓടിയെത്തിയത് യോഗി ആദിത്യനാഥാണ്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ടിക്കറ്റിൽ ജയിച്ച സന്ദീപ് യാദവ് കോൺഗ്രസിൽ ചേർന്നെങ്കിലും ഇത്തവണ ടിക്കറ്റില്ല. നിർമാണ മേഖലയിൽ പ്രമുഖനായ ഇമ്രാൻഖാനാണ് കോൺഗ്രസ് സ്ഥാനാർഥി. ജാതി അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനക്കാരാണ് ദലിതുകളെന്നിരിക്കേ, ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുടെ സജീവ പ്രവർത്തന മേഖലകളിലൊന്നാണ് തിജാര.
ജാതിയല്ല, സതാനത ധർമാണ് പ്രധാനമെന്ന് പ്രചാരണത്തിൽ അടിക്കടി ബാലക് നാഥ് പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ രാഷ്ട്രീയവും അതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.