ഭരണമാറ്റത്തിലുറച്ച് രാജസ്ഥാൻ; 1993 മുതൽ തുടരുന്ന ചരിത്രം
text_fields1993 മുതൽ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഭരണമാറ്റത്തിന്‍റെ ചരിത്രമാണ് രാജസ്ഥാന് പറയാനുള്ളത്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും കോൺഗ്രസിനെയും ബി.ജെ.പിയെയും മാറിമാറി പരീക്ഷിക്കുകയെന്ന ശീലം ഇത്തവണയും മാറ്റമില്ലെന്നാണ് രാജസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ. രാജസ്ഥാനിൽ ഭരണം നഷ്ടമാകുന്നത് കോൺഗ്രസിന് വലിയ ആഘാതമാകും.
എക്സിറ്റ് പോളുകൾ ബി.ജെ.പിക്കാണ് മുൻതൂക്കം പ്രഖ്യാപിച്ചതെങ്കിലും ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. നല്ല ഭരണം കാഴ്ചവെച്ചാൽ അധികാരത്തുടർച്ചയുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെയാണ്. തന്റെ സർക്കാറിന്റെ നല്ല പദ്ധതികൾ തുടരണമെങ്കിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരണമെന്നും ബി.ജെ.പി ഭരണത്തിലെത്തിയാൽ താൻ തുടങ്ങിയ മുഴുവൻ പദ്ധതികളും അവർ നിർത്തുമെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഗെഹ്ലോട്ടിനെ വോട്ടർമാർ വിശ്വാസത്തിലെടുത്തില്ലെന്ന് വേണം അനുമാനിക്കാൻ.
1952 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിൽ തുടർച്ചയായി ജയിച്ചുവന്ന ചരിത്രമാണ് കോൺഗ്രസിന്. 1977ലാണ് ആദ്യമായി കോൺഗ്രസിതര മന്ത്രിസഭ വന്നത്. എന്നാൽ, 1980ൽ വീണ്ടും ഭരണത്തിലേറിയ കോൺഗ്രസ് 10 വർഷം തുടർച്ചയായി ഭരിച്ചു.
1990ലാണ് മധ്യപ്രദേശിൽ ബി.ജെ.പി ആദ്യമായി അധികാരത്തിലേറിയത്. ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് സംഘർങ്ങളുണ്ടായതോടെ രാഷ്ട്രപതി ഭരണത്തിലായി സംസ്ഥാനം. തുടർന്ന് 93ൽ നടന്ന തെരഞ്ഞെടുപ്പിലും ജയിച്ചത് ബി.ജെ.പിയാണ്. ഇതിന് ശേഷം രാജസ്ഥാനിൽ ഒരു കക്ഷിക്കും ഭരണത്തുടർച്ചയുണ്ടായില്ല. ബി.ജെ.പിയുടെ വസുന്ധര രാജെ സിന്ധ്യയിൽ നിന്നാണ് 2018ൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി പദം പിടിച്ചെടുക്കുന്നത്.
കോൺഗ്രസിനുള്ളിലെ തമ്മിലടിയും ഇത്തവണ പാർട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും തമ്മിലെ പോര് സംസ്ഥാനത്തെ ഭരണത്തെ സാരമായി ബാധിച്ചിരുന്നു. പാർട്ടിയെ സാരമായി ബാധിച്ച ഈ പിണക്കത്തിൽ പലപ്പോഴും എ.ഐ.സി.സി ഇടപെട്ടാണ് താൽക്കാലിക പരിഹാരം കണ്ടിരുന്നത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഈ പരാജയം കനത്ത രാഷ്ട്രീയ തിരിച്ചടിയാണ്. നേരത്തെ, പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഉൾപ്പെടെ ഉയർന്നുവന്ന പേരുകളിലൊന്നാണ് ഗെഹ്ലോട്ടിന്‍റെത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാനാവില്ലെന്ന തന്‍റെ താൽപര്യം ഗെഹ്ലോട്ട് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയോടെ സചിൻ പക്ഷം ഗെഹ്ലോട്ടിന് നേരെ വിരൽ ചൂണ്ടുന്ന സാഹചര്യമാണ് വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.