ബി.ജെ.പിയിൽ അടി, പൊടിപൂരം
text_fieldsനിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് കൃത്യം ഒരു മാസം ബാക്കിനിൽക്കേ, രാജസ്ഥാൻ ബി.ജെ.പിയിൽ അടി പൊടിപൂരം. ആദ്യം ഇറക്കിയ സ്ഥാനാർഥിപ്പട്ടികയെച്ചൊല്ലി ഉയർന്ന കലാപത്തിന്റെ പൊടിയടക്കാൻ സിറ്റിങ് എം.എൽ.എമാർക്ക് കൂടുതൽ അവസരം നൽകിയ രണ്ടാം പട്ടികകൊണ്ട് കഴിഞ്ഞില്ല.
ഏഴു സിറ്റിങ് എം.പിമാരെ തള്ളിക്കയറ്റിയ ആദ്യ പട്ടിക പുറത്തുവന്നപ്പോൾ ടിക്കറ്റ് മോഹികൾക്കുണ്ടായ നിരാശ ഒട്ടും ചെറുതല്ല. അതു കണക്കിലെടുത്താണ് 83 പേരുടെ രണ്ടാം പട്ടികയിൽ 70 സിറ്റിങ് എം.എൽ.എമാർക്കും ടിക്കറ്റ് നൽകിയത്.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിനീതവിധേയനും മുൻ ഉപരാഷ്ട്രപതി ഭൈറോൺ സിങ് ശെഖാവതിന്റെ മരുമകനുമായ നർപാൽ സിങ് രാജ്വിക്ക് ചിത്തോർഗഢിൽ ടിക്കറ്റ് കൊടുത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. നിലവിൽ അദ്ദേഹം വിദ്യാധർ നഗർ എം.എൽ.എയാണ്. ചിത്തോർഗഢിൽനിന്ന് 1993ലും 2003ലും ജയിച്ചു. ഇത്തവണ ചിത്തോർഗഢ് വീണ്ടെടുക്കാൻ പറ്റില്ലെന്നു വന്നതോടെ ഉടക്കിയ രാജ്വിക്കു മുന്നിൽ രണ്ടു വട്ടം എം.എൽ.എയായ ചന്ദ്രബാൻ സിങ് ആക്യക്ക് മാറിനിൽക്കേണ്ടിവന്നു.
തനിക്ക് ടിക്കറ്റ് നിഷേധിച്ചതിന് ആക്യ സംസ്ഥാന ബി.ജെ.പി അധ്യക്ഷനും ചിത്തോർഗഢ് എം.പിയുമായ സി.പി. ജോഷിക്കുനേരെ നാക്കുചുഴറ്റി. പഴയ കോൺഗ്രസുകാരനായ ജോഷിക്ക് തന്നോട് അസൂയയാണെന്ന് വിളിച്ചുപറഞ്ഞു. മുമ്പ് താൻ എ.ബി.വി.പിയിൽ പ്രവർത്തിച്ചപ്പോൾ സി.പി. ജോഷി എൻ.എസ്.യുവിലായിരുന്നു. അന്നേയുണ്ട് ശത്രുത. പിന്നെ, ടിക്കറ്റ് നിഷേധിക്കാതിരിക്കുമോ? -ആക്യക്ക് സംശയമില്ല.
ആക്യ സ്വതന്ത്രനായി കളത്തിലിറങ്ങുമെന്ന സൂചന വന്നു. അദ്ദേഹത്തിന്റെ അനുയായികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജോഷിയുടെ കോലം കത്തിച്ചു. പഴയ കോൺഗ്രസുകാരനായതിന്റെ കെടുതി മുഴുവൻ ബി.ജെ.പിയിൽ ഏറ്റുവാങ്ങുന്ന സി.പി. ജോഷി അതൊക്കെ നിസ്സാരമായി ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥാനാർഥിത്വം പാർട്ടി കൂട്ടായി എടുത്തതാണെന്ന് വിശദീകരിച്ചുനോക്കി. പക്ഷേ, ചിത്തോർഗഢ് സിറ്റിങ് എം.എൽ.എയുടെ അനുയായികൾ ഇനിയും അടങ്ങിയിട്ടില്ല.
രജസാമണ്ഡിലും ബി.ജെ.പിക്കാർ ക്ഷുഭിതരാണ്. സിറ്റിങ് എം.എൽ.എ ദീപ്തി കിരൺ മഹേശ്വരിക്കുതന്നെയാണ് സീറ്റ്. 2021ലെ ഉപതെരഞ്ഞെടുപ്പിലാണ് കിരൺ മഹേശ്വരിയുടെ വേർപാടിനെ തുടർന്ന് മകൾ മത്സരിച്ച് നിയമസഭയിൽ എത്തിയത്. എന്നാൽ, ദീപ്തിക്ക് വീണ്ടും ടിക്കറ്റ് കൊടുത്തതിലെ പ്രതിഷേധം മൂത്ത് പാർട്ടി ഓഫിസിലെ മേശ തല്ലിത്തകർക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദീപ്തി പുറംനാട്ടുകാരിയാണെന്നാണ് കുറ്റപ്പെടുത്തൽ. അക്രമം കാട്ടിയ നാലു പേരെ അച്ചടക്ക സമിതി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
അസം ഗവർണറായി പോയിട്ടും പ്രാദേശിക രാഷ്ട്രീയം വിടാതെ കളിക്കുന്ന പഴയ എം.എൽ.എ ഗുലാബ് ചന്ദ് കട്ടാരിയക്കുനേരെയാണ് ഉദയ്പുരിലെ പ്രതിഷേധം. അതു നയിക്കുന്നത് ഡെപ്യൂട്ടി മേയർ പരസ് സിങ്വി. ജയ്പുരിൽ ബി.ജെ.പി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത് സാംഗനീർ എം.എൽ.എയും ജയ്പുർ മുൻ മേയറുമായ അശോക് ലാഹോട്ടിയുടെ പക്ഷക്കാരാണ്. ഭജൻലാൽ ശർമയെ ഇറക്കിയതാണ് കാരണം.
2018ൽ ബി.എസ്.പി ജയം തീരുമാനിച്ചത് 30 സീറ്റിൽ
രാജസ്ഥാനിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച ആറ് ബി.എസ്.പിക്കാരെയും ഒരു വർഷത്തിനകം കോൺഗ്രസ് റാഞ്ചി. അതുകൊണ്ട് ഇത്തവണ മായാവതി നയിക്കുന്ന ബി.എസ്.പി തികഞ്ഞ ജാഗ്രതയിൽ. ജയത്തേക്കാൾ, പ്രധാന പാർട്ടികളുടെ ജയവും തോൽവിയും നിശ്ചയിക്കാൻ തങ്ങൾക്ക് കെല്പുണ്ടെന്ന് കാണിക്കാനുള്ള പുറപ്പാടിൽകൂടിയാണ് ബി.എസ്.പി.
രാജസ്ഥാനിൽ കോൺഗ്രസും ബി.ജെ.പിയും കഴിഞ്ഞാൽ മൂന്നാമത്തെ പ്രധാന കക്ഷിയാണ് ബി.എസ്.പി. 2018ൽ 190 സീറ്റിൽ മത്സരിച്ച ബി.എസ്.പിക്ക് ജയിക്കാനോ, രണ്ടും മൂന്നും സ്ഥാനക്കാരാകാനോ കഴിഞ്ഞത് 60 സീറ്റുകളിലാണ്. 4.03 ശതമാനം വോട്ട് ബി.എസ്.പി പിടിച്ചു. 30 സീറ്റിൽ ജയിച്ചയാൾ നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് ബി.എസ്.പി പിടിച്ചു.
ഈ 30 മണ്ഡലങ്ങളിൽ 17ൽ ജയിച്ചത് കോൺഗ്രസ്. 10 സീറ്റിൽ ബി.ജെ.പി. മൂന്നിടത്ത് സ്വതന്ത്രർ. ബി.എസ്.പി സ്ഥാനാർഥികൾമൂലം 17 സീറ്റ് ബി.ജെ.പിക്ക് കൈവിട്ടു പോയി. ഈ സീറ്റുകളിൽ ജയിച്ചിരുന്നെങ്കിൽ 200 അംഗ നിയമസഭയിൽ സീറ്റെണ്ണം 73ൽനിന്ന് 90 ആയി ഉയർന്നേനെ. കോൺഗ്രസിന്റെ സീറ്റെണ്ണം 100ൽനിന്ന് 84ലേക്കു താഴുകയും ചെയ്യും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബി.എസ്.പി തുലച്ചത് 11 സീറ്റാണ്. അതിൽ ഒമ്പതും ബി.ജെ.പി പിടിച്ചു. രണ്ടിൽ സ്വതന്ത്രർ ജയിച്ചു.
ജയിച്ച ആറ് എം.എൽ.എമാരും കോൺഗ്രസിനൊപ്പം പോയ 2019ലെ അനുഭവം ആവർത്തിക്കാതിരിക്കാൻ, സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ വലിയ സൂക്ഷ്മത കാണിക്കുന്നുണ്ട് ബി.എസ്.പി. ഇതിനകം 12 പേരെയാണ് പ്രഖ്യാപിച്ചത്. എന്നാൽ, എല്ലാ സീറ്റിലും മത്സരിക്കാനുള്ള പുറപ്പാടിലുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ 60 സീറ്റിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനും ഒരുങ്ങുന്നു. ബി.എസ്.പിയുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ പ്രധാന പാർട്ടികൾ ശ്രമിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.