കേന്ദ്ര മന്ത്രി അർജുൻ അഴിമതിക്കാരനെന്ന് ബി.ജെ.പി എം.എൽ.എ: ‘മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും’
text_fieldsന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന് രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ കൈലാഷ് മേഘ്‌വാൾ. കേന്ദ്ര മന്ത്രിസഭയിൽനിന്ന് അർജുൻ റാമിനെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്നും കൈലാഷ് പറഞ്ഞു. ഭിൽവാരയിലെ ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിനിടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക കമ്മിറ്റി കൺവീനർ കൂടിയാണ് ആരോപണ വിധേയനായ ബിക്കാനീർ എം.പി അർജുൻ റാം മേഘ്‌വാൾ.
"ഈ അർജുൻ റാം മേഘ്‌വാൾ ഒന്നാം നമ്പർ അഴിമതിക്കാരനാണ്. അദ്ദേഹത്തിനെതിരെ അഴിമതിക്കേസുകൾ ഉണ്ട്. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതും" -രാജസ്ഥാനിലെ ഷാപുര എം.എൽഎയായ കൈലാഷ് പറഞ്ഞു.
‘അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് അർജുൻ റാം മേഘ്‌വാൾ രാഷ്ട്രീയത്തിൽ ചേർന്നത്. അയാൾക്കെതിരെയുള്ള കേസുകൾ ഇപ്പോഴും തുടരുകയാണ്. ഉദ്യോഗസ്ഥനായിരിക്കുമ്പോൾ മുതൽ അർജുൻ റാം മേഘ്‌വാൾ അഴിമതിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ന് യോഗത്തിൽ ഞാൻ ജനങ്ങളോട് പറഞ്ഞത് ശരിയാണ്. മന്ത്രിക്കെതിരെ ഞാൻ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതും’ -അദ്ദേഹം ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.
വർഷങ്ങളായി സഹമന്ത്രിയായ അർജുൻ റാം മേഘ്‌വാളിനെതിരെ ഇതുവരെ ഒന്നും പറയാതിരുന്ന താങ്കൾ എന്തുകൊണ്ടാണ് ഇപ്പോൾ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ചപ്പോൾ ‘അർജുൻ റാം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയുമാണ്. വോട്ടർമാരെ ബോധവൽക്കരിക്കാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു മുൻ നിയമ സഭ സ്പീക്കർ കൂടിയായ കൈലാഷിന്റെ മറുപടി.
കിരൺ റിജിജുവിന്റെ പിൻഗാമിയായാണ് അർജുൻ റാം മേഘ്‌വാൾ നിയമ-നീതി സഹമന്ത്രിയായി ചുമതലയേറ്റത്. ലോക്‌സഭയിൽ പാർട്ടിയുടെ ചീഫ് വിപ്പായ അദ്ദേഹം ധനകാര്യം, കോർപ്പറേറ്റ്, ഘനവ്യവസായം, പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിഭവം, പാർലമെന്ററി, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സഹമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.