ചാക്കിട്ടു പിടിത്തം തിരിച്ചടിക്കുന്നു; രാജസ്ഥാനിൽ എം.എൽ.എമാരെ ഒളിപ്പിച്ച് ബി.ജെ.പി
text_fieldsരാജസ്ഥാനിൽ ഓഗസ്റ്റ് 14 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ എം.എൽ.എ മാരെ ഒളിപ്പിച്ച് ബി.ജെ.പി. തങ്ങളുടെ എം.എൽ.എമാരെ കോൺഗ്രസ് സ്വാധീനിക്കുമെന്ന ഭയത്തിലാണ് ഇവരെ മാറ്റിയതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. ഗോത്രമേഖലയിൽ നിന്നുള്ളവരെ ഉൾപ്പടെ ചില എംഎൽഎമാരെ ഗുജറാത്തിലേക്ക് അയച്ചിട്ടുണ്ട്.
മേവാറിലെ ഗോത്രവർഗ മേഖലയിലെ ജനപ്രതിനിഥികളെ കോൺഗ്രസ് സമീപിക്കാൻ ശ്രമിച്ചു എന്നതിന് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ കോൺഗ്രസ് നിഷേധിച്ചു. 'ഉദയ്പുർ ഡിവിഷനിലെ ഞങ്ങളുടെ നിയമസഭാ സാമാജികരെ ഭരണാധികാരികളിലൂടെയും പ്രദേശത്തെ മറ്റ് സ്വാധീനമുള്ള ആളുകളിലൂടെയും കോൺഗ്രസ് സമീപിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ധാരണയുണ്ടായിരുന്നു, അതിനാലാണ് അവരെ പ്രദേശത്ത് നിന്ന് മാറ്റിയത്' ബിജെപി സംസ്ഥാന പ്രസിഡൻറ് സതീഷ് പൂനിയ പറഞ്ഞു.
'നിയമസഭാ സമ്മേളനത്തിന് 2-3 ദിവസം മുമ്പ് ഞങ്ങൾ നിയമസഭാ പാർട്ടിയുടെ യോഗം ചേരും. അതിനുമുമ്പ് ചില എംഎൽഎമാർ സോംനാഥ് ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു, അതിനാൽ ഞങ്ങൾ അവരെ പോകാൻ അനുവദിക്കുകയായിരുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടനത്തിനെന്ന പേരിലാണ് ബി.ജെ.പി ചില എം.എൽ.എമാരെ മണ്ഡലങ്ങളിൽ നിന്ന് മാറ്റിയത്. ബി.ജെ.പിയുടെ ആരോപണം സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് ഗോവിന്ദ് സിംഗ് ദോത്രസ നിഷേധിച്ചു.
'ഞങ്ങളുടെ സർക്കാരിന് ഒരു അപകടവുമില്ല, ഞങ്ങൾ കുതിരക്കച്ചവടത്തിൽ ഏർപ്പെടുന്നില്ല, അത് ബിജെപിയുടെ മാത്രം പ്രത്യേകതയാണ്'-അദ്ദേഹം പറഞ്ഞു. തെക്കൻ രാജസ്ഥാനിലെ ആറ് ജില്ലകൾ ഉൾപ്പെടുന്ന മേഖലയിൽ 28 നിയമസഭാ സീറ്റുകളുണ്ട്. 2018 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 ഇടങ്ങളിൽ ബിജെപി വിജയിച്ചു. കോൺഗ്രസിന് ഇവിടെ 10 സീറ്റുകളുണ്ട്. ബാക്കിയുള്ള 3 പേരിൽ ഒരാൾ സ്വതന്ത്ര എംഎൽഎയ്‌ക്കൊപ്പവും രണ്ട് പേർ ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) ക്കൊപ്പവുമാണ്.
ബിടിപി എംഎൽഎമാർ കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുന്നു. നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരുണ്ട്, അതിൽ 19 പേർ പാർട്ടി വിമതൻ സച്ചിൻ പൈലറ്റിനൊപ്പം ഹരിയാനയിലാണ്. ഇവർ ഗെലോട്ട് സർക്കാരിന് വോട്ടുചെയ്യാൻ സാധ്യതയില്ല. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള 75 എംഎൽഎമാരും ബിജെപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഉൾപ്പെടെ 88 എംഎൽഎമാരിൽ നിയമസഭാ സ്പീക്കർ ജോഷിയും അസുഖബാധിതനായ മറ്റൊരു അംഗവും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.