രാജസ്ഥാൻ ബി.ജെ.പിയിൽ പോര് രൂക്ഷം; മുതിർന്ന എം.എൽ.എക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളിനെതിരെ അഴിമതി ആരോപണം നടത്തിയ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബി.ജെ.പിയുടെ എം.എൽ.എ കൈലാഷ് മേഘ്വാളിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. മുൻ മുഖ്യമന്ത്രി വസുന്ധരെ രാജെയെയും അവരോടൊപ്പം നിൽക്കുന്നവരെയും ഒതുക്കാൻ ശ്രമമുണ്ടെന്ന് ബുധനാഴ്ച ആരോപിച്ചതിന് പിന്നാലെയാണ് കൈലാഷ് മേഘ്വാളിനെതിരായ നടപടി. മധ്യപ്രദേശിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിൽനിന്ന് ഭരണം തിരിച്ചുപിടിക്കാൻ ബി.ജെ.പി പരിവർത്തൻ യാത്ര നടത്തുന്നതിനിടിയിലും പാർട്ടിക്കുള്ളിലെ പോര് രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് സസ്പെൻഷൻ.
കേന്ദ്രമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകൾ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്ത് കേന്ദ്ര മന്ത്രിസഭയിൽനിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്ന് കൈലാഷ് മേഘ്വാൾ പരസ്യപ്രസ്താവന നടത്തിയിരുന്നു. സർവിസിലിരിക്കേ നടത്തിയ അഴിമതിയുടെ കേസുകളിൽനിന്ന് രക്ഷപ്പെടാനാണ് ഐ.എ.എസ് രാജിവെച്ച് അർജുൻ മേഘ്വാൾ രാഷ്ട്രീയത്തിൽ വന്നതെന്നും കൈലാഷ് ആരോപിച്ചിരുന്നു. നാല് ഘട്ടങ്ങളായുള്ള പരിവർത്തൻ യാത്രക്ക് ഏതാനും ദിവസം മുമ്പായിരുന്നു കൈലാഷ് മേഘ്വാളിന്റെ ആരോപണം. താൻ പറയുന്നത് കള്ളമാണെങ്കിൽ മാനനഷ്ട കേസ് കൊടുക്കാനും കൈലാഷ് വെല്ലുവിളിച്ചു.
89കാരനായ കൈലാഷിന്റെ മണ്ഡലത്തിൽ ഒരു യുവ സ്ഥാനാർഥിയെ നിർത്താൻ നീക്കം നടത്തിയതാണ് അർജുൻ മേഘ്വാളിന്റെ അഴിമതിക്കഥകളുമായി രംഗത്തുവരാൻ കൈലാഷ് മേഘ്വാളിനെ പ്രേരിപ്പിച്ചത്. നിരവധി ബി.ജെ.പി സർക്കാറുകളിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവായ കൈലാഷ് മേഘ്വാൾ രാജസ്ഥാനിൽ ബി.ജെ.പിയുടെ ദലിത് മുഖമാണ്. ഇത്തവണ മുൻ മുഖ്യമന്ത്രി വിജയരാജെ സിന്ധ്യക്ക് പകരം കേന്ദ്ര മന്ത്രിമാരായ അർജുൻ റാം മേഘ്വാളിനെയോ ഗജേന്ദ്ര സിങ് ശെഖാവത്തിനെയോ മുഖ്യമന്ത്രി സ്ഥനാർഥിയാക്കുമെന്ന് പാർട്ടിക്കുള്ളിൽ അഭ്യൂഹമുള്ളതിനിടയിലാണ് കൈലാഷ് മേഘ്വാൾ ആരോപണവുമായി രംഗത്തുവന്നത്.
മാനസികനില തെറ്റിയ കൈലാഷിന്റെ ആരോപണത്തിന് പിന്നിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും കോൺഗ്രസും ആണെന്നായിരുന്നു കേന്ദ്രമന്ത്രി അർജുൻ മേഘ്വാളിന്റെ പ്രതികരണം. വിജയ് രാജെ സിന്ധ്യയെയും കൈലാഷ് മേഘ്വാളിനെയും അശോക് ഗഹ്ലോട്ട് പ്രശംസിച്ചതും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.