രാജസ്ഥാൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 12 പുതുമുഖങ്ങൾ, 15 പേർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsജയ്പുർ: നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ രാജസ്ഥാൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടക്കു പിണങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷപദവിയും ഉപമുഖ്യമന്ത്രി സ്ഥാനവും ഉപേക്ഷിക്കേണ്ടി വന്ന സചിൻ പൈലറ്റിെൻറ അഞ്ചു വിശ്വസ്തരെ കൂടി ഉൾപ്പെടുത്തി 15 പുതിയ മന്ത്രിമാർ ഗവർണർ കൽരാജ് മിശ്ര മുമ്പാകെ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
പുതിയ മന്ത്രിമാരിൽ 11 പേർക്കും കാബിനറ്റ് പദവിയുണ്ട്. ഇതോടെ സംസ്ഥാനത്ത് 30 അംഗ മന്ത്രിസഭയായി. മുഖ്യമന്ത്രി അശോക് െഗഹ്ലോട്ടിനൊപ്പം മൂന്നു വനിതകളുൾപ്പെടെ 19 കാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമുൾപ്പെടുന്നതാണ് 30 അംഗ മന്ത്രിസഭ.
2018 ഡിസംബറിൽ അധികാരമേറ്റ മന്ത്രിസഭയുെട ആദ്യ പുനഃസംഘടനയാണ് ഞായറാഴ്ച രാജ്ഭവനിൽ നടന്നത്. അന്ന് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സചിൻ പൈലറ്റ് ഗെഹ്ലോട്ടുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 18 എം.എൽ.എമാരുമായി വിമത നീക്കം നടത്തിയെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.
അന്ന് ഉപമുഖ്യമന്ത്രി പദമൊഴിഞ്ഞ തനിക്കൊപ്പം രാജിവെച്ചവർക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാതെ വന്നതോടെ പൈലറ്റ് വീണ്ടും സമ്മർദം ശക്തമാക്കിയതോടെ ഗെഹ്ലോട്ട് ഹൈകമാൻഡിെൻറ സമ്മർദത്തിന് വഴങ്ങുകയായിരുന്നു.
പുനഃസംഘടിപ്പിച്ച മന്ത്രിസഭയിൽ ഇടം ലഭിക്കാതെ പോയ ആറ് എം.എൽ.എമാർക്ക് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം നൽകും. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽകൂടി വിജയിച്ചതോടെ 200 അംഗ നിയമസഭയിൽ കോൺഗ്രസിെൻറ അംഗബലം 108 ആയി.
കഴിഞ്ഞ ദിവസം പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാർ എല്ലാവരും സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. ഇതിൽ മൂന്നുപേരുടേതു മാത്രമാണ് സ്വീകരിച്ചത്.
ഗോവിന്ദ് സിങ്, ഹരീഷ് ചൗധരി, രഘു ശർമ എന്നിവർക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. ഒരാൾക്ക് ഒരു പദവി എന്ന നയം നടപ്പാക്കാനാണ് മൂന്നു മന്ത്രിമാരെ മാറ്റിയത്. ഇതിൽ രഘു ശർമക്ക് ഗുജറാത്തിെൻറയും ഹരീഷ് ചൗധരിക്ക് പഞ്ചാബിെൻറയും പാർട്ടി ചുമതല നൽകി. ഗോവിന്ദ് സിങ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.