രാജസ്ഥാൻ രാജ്യസഭ തെരഞ്ഞെടുപ്പ്: 'സുഭാഷ് ചന്ദ്ര ഓപറേഷനി'ൽ അപകടം മണത്ത് കോൺഗ്രസ്
text_fieldsജയ്പുർ: രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ എതിർ പാർട്ടികളിൽ കലാപം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള ബി.ജെ.പി കുതന്ത്രത്തിൽ ആധി കേറി രാജസ്ഥാൻ കോൺഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ടിക്കറ്റിൽ ജയിച്ച് പിന്നീട് പാർട്ടിയെ ഒന്നാകെ കോൺഗ്രസിൽ ലയിപ്പിച്ച് ഭരണകക്ഷിയിൽ ചേർന്ന ആറു പേരുടെ വിമതശബ്ദമാണ് പാർട്ടിയെ വലക്കുന്നത്.
മന്ത്രിസഭാംഗമടക്കമുള്ള ഈ എം.എൽ.എമാരോട്, ബി.ജെ.പി കളത്തിലിറക്കിയ സ്വതന്ത്ര സ്ഥാനാർഥി സുഭാഷ് ചന്ദ്രക്ക് വോട്ടുചെയ്യാൻ ആവശ്യപ്പെട്ട് നിലവിലെ ബി.എസ്.പി സംസ്ഥാന അധ്യക്ഷൻ വിപ്പ് നൽകിയതോടെയാണ് കളി മാറിയത്. കോൺഗ്രസ് മൂന്നും ബി.ജെ.പി ഒരാളെയുമാണ് മത്സരരംഗത്തിറക്കിയത്. എന്നാൽ, സ്വതന്ത്രൻ എന്ന പേരിൽ ബി.ജെ.പി കളത്തിലിറക്കിയ മാധ്യമ രംഗത്തെ പ്രമുഖൻ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട് നടക്കുന്ന ചരടുവലികളിൽ കോൺഗ്രസ് അപകടം മണക്കുന്നുണ്ട്.
രംഗത്തിറക്കിയ മൂന്നു സ്ഥാനാർഥികളും രാജ്യസഭ കാണണമെങ്കിൽ നിലവിൽ തങ്ങളെ പിന്തുണക്കുന്ന സ്വതന്ത്രരും ചെറുപാർട്ടികളും അടക്കമുള്ളവരുടെ പിന്തുണ കോൺഗ്രസിന് അനിവാര്യമാണ്. 108 പാർട്ടി അംഗങ്ങൾ ഉൾപ്പെടെ 126 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. 123 വോട്ടുണ്ടെങ്കിൽ പാർട്ടിക്ക് മൂന്നു സ്ഥാനാർഥികളെയും വിജയിപ്പിക്കാമെന്നതാണ് സാഹചര്യം.
ജൂൺ 10ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബി.ജെ.പി റാഞ്ചുമെന്ന ഭയത്തിൽ തങ്ങളുടെ എം.എൽ.എമാരെ കോൺഗ്രസ് ഉദയ്പുരിലെ ഹോട്ടലിലേക്ക് മാറ്റിയപ്പോൾ ഒരാളൊഴികെ ബി.എസ്.പി അംഗങ്ങൾ വിട്ടുനിന്നിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ബി.എസ്.പിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറി മന്ത്രിസ്ഥാനം ലഭിച്ച രാജേന്ദ്ര ഗുധയുടെ നേതൃത്വത്തിലുള്ളവരാണ് സാഹചര്യം അവസരമാക്കി വിലപേശൽ നടത്തുന്നത്.
ഇവർ വൈകാതെ തങ്ങൾക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിൽ നിൽക്കവെയാണ് സുഭാഷ് ചന്ദ്രക്ക് വോട്ടുചെയ്യണമെന്ന് ബി.എസ്.പി സംസ്ഥാന അധ്യക്ഷൻ ഭഗ്‍വൻ സിങ് ബാബ ശനിയാഴ്ച അംഗങ്ങൾക്ക് വിപ്പ് നൽകിയത്. 2018ലെ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ടിക്കറ്റിലാണ് ഇവർ ജയിച്ചതെന്നും അതുകൊണ്ടുതന്നെ പാർട്ടി വിപ്പ് പാലിക്കാൻ അവർ ബാധ്യസ്ഥരാണെന്നുമാണ് ഭഗ്‍വൻ സിങ് പറഞ്ഞത്. എന്നാൽ, എല്ലാം ഭദ്രമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊത്താസ്ര ശനിയാഴ്ച പറഞ്ഞു. പാർട്ടിയുടെ മൂന്നു സ്ഥാനാർഥികളും ജയിക്കുമെന്നും അദ്ദേഹം പറയുന്നു. 13 സ്വതന്ത്ര എം.എൽ.എമാരിൽ 11 പേരും തങ്ങൾക്കൊപ്പം ഉദയ്പുരിലെ ഹോട്ടലിൽ ഉണ്ടെന്നത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം, ഇതിൽ ഒരു എം.എൽ.എ ആരോഗ്യപ്രശ്നം പറഞ്ഞ് ഹോട്ടലിൽനിന്ന് ആശുപത്രിയിലേക്ക് മാറി.
ഹൈകമാൻഡ് നിശ്ചയിച്ച മുതിർന്ന ദേശീയ നേതാക്കളായ മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല, പ്രമോദ് തിവാരി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ഘനശ്യാം തിവാരിയാണ് ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.