ഗെഹ്ലോട്ട്-സചിൻ പോരിൽ കുരുങ്ങി രാജസ്ഥാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിപദത്തിൽ തുടരുമെന്ന് വ്യക്തമാക്കി അശോക് ഗെഹ്ലോട്ട്. പദവി ഒഴിയണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ, എന്നെ വിട്ടുപോകുന്നേയില്ല. ഭാവിയിലും വിട്ടുപോകുമെന്ന് തോന്നുന്നില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഹൈകമാൻഡുമായി നടത്തിയ ചർച്ചക്കുശേഷം എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി താൻ തന്നെയായിരിക്കുമെന്ന് ഗെഹ്ലോട്ട് പരോക്ഷമായി പ്രഖ്യാപിച്ചത്.
ഹൈകമാൻഡ് മൂന്നു തവണ സംസ്ഥാനത്തെ നയിക്കാൻ തന്നെ തെരഞ്ഞെടുത്തത് തന്നിൽ എന്തെങ്കിലും കണ്ടിട്ടായിരിക്കുമല്ലോ എന്നും ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഗെഹ്ലോട്ട് മറുപടി നൽകി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. കോണ്‍ഗ്രസ് തീര്‍ച്ചയായും അധികാരത്തിലെത്തും. സര്‍ക്കാര്‍ നടത്തിയ സാമൂഹികസുരക്ഷാ പദ്ധതിയില്‍ ജനങ്ങള്‍ക്കു വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കകത്ത് പ്രശ്നങ്ങളൊന്നുമില്ല. ക്ഷമിക്കുക, മറക്കുക എന്ന നയമാണ് താൻ സ്വീകരിച്ചിരിക്കുന്നത്. സചിൻ പൈലറ്റ് പക്ഷക്കാർക്ക് സീറ്റ് നൽകുന്നതിനെ താൻ എതിർത്തിട്ടില്ല. അവർ ചോദിക്കുന്നത് ഞാൻ നൽകുന്നതിനാൽ അവർ ഇപ്പോൾ നല്ല ബന്ധത്തിലാണ്. അതുകൊണ്ടാണ് സംസ്ഥാനത്ത് ഭരണം നഷ്ടമാകാതിരുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നതില്‍ ബി.ജെ.പിക്കാണ് അസ്വസ്ഥത. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത്. സചിന് ക്യാമ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. പ്രകടനം അനുസരിച്ചാണ് സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കുന്നതെന്നും പട്ടിക വൈകുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സ്ഥാനാർഥിപ്പട്ടിക വൈകുന്നത് ഗെഹ്ലോട്ട്-സചിൻ ഭിന്നത രൂക്ഷമായത് മൂലമാണെന്നാണ് സൂചന. ബുധനാഴ്ച പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയെങ്കിലും 200 സീറ്റിലെ 106 സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. നവംബർ 25നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.
സീറ്റിനുള്ള തമ്മിലടിയിൽ 40 കോടിയുടെ ഇടപാട് ആരോപണവും
ജയ്പുർ: രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. ടിക്കറ്റിന് ശ്രമിക്കുന്ന പാർട്ടിയിലെ എതിരാളി 40 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്ന അർച്ചന ശർമയുടെ വിഡിയോ വിവാദമായി. മാളവ്യനഗർ മണ്ഡലത്തിൽ മത്സരിക്കാനുള്ള ശ്രമത്തിലാണ് സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്സൻകൂടിയായ അർച്ചന.
രാജസ്ഥാൻ ചെറുകിട വ്യവസായ കോർപറേഷന്റെയും കയറ്റുമതി പ്രോത്സാഹന കൗൺസിലിന്റെയും ചെയർമാനായ കോൺഗ്രസ് നേതാവ് രാജീവ് അറോറക്കും ഈ മണ്ഡലത്തിൽ കണ്ണുണ്ട്. അറോറയെയാണ് അർച്ചന ലക്ഷ്യമിട്ടതെന്നാണ് സൂചന. വൃത്തികെട്ട കളിയിലൂടെ ജയിക്കാനാവില്ലെന്ന് രാജീവ് അറോറ പ്രതികരിച്ചു.
2008 മുതൽ ബി.ജെ.പിയുടെ കാളീചരൺ സറഫാണ് മാളവ്യനഗറിലെ എം.എൽ.എ. ഇദ്ദേഹവുമായി രാജീവ് അറോറ ഗൂഢാലോചന നടത്തിയെന്നാണ് അർച്ചന സൂചിപ്പിക്കുന്നത്. തന്റെ എതിരാളി തോൽക്കുന്നുവെന്ന് തോന്നിയപ്പോൾ, പാർട്ടിക്കുള്ളിലെ എതിരാളിയുമായി സഖ്യമുണ്ടാക്കാൻ ആലോചിച്ചുവെന്നും ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയെന്നും അനുയായികളോട് അർച്ചന ശർമ പറയുന്നതാണ് വിഡിയോയിലുള്ളത്.
ചുവരുകൾക്ക് ചെവിയുണ്ടെന്നും 40 കോടിയുടെ ഇടപാടാണ് നടന്നതെന്നും തന്നെ തടയാനാണ് ഈ വലിയ ഇടപാടെന്നും അർച്ചന പറയുന്നു. സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിനു മുമ്പ് രാജീവ് അറോറ ഡൽഹിയിൽ സമ്മർദം ചെലുത്തിയതായി പറയപ്പെടുന്നു. എന്നാൽ, രാജീവ് അറോറ ജ്യേഷ്ഠനെപ്പോലെയാണെന്നും വിഡിയോയിൽ ആരുടെയും പേര് പറഞ്ഞില്ലെന്നും അർച്ചന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.