വനിതാ ഡോക്ടറുടെ ആത്മഹത്യ; ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റിൽ
text_fieldsജയ്പൂർ: പ്രസവത്തെ തുടർന്ന് യുവതി മരിച്ച വിവാദത്തെ തുടർന്ന് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റിൽ. സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോ. അർച്ചന ശർമയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിധം ക്ലിനിക്കിനു മുന്നിൽ അനാവശ്യ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. ഡോ. അർച്ചന ശർമയുടെ സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ രോഗി മരിച്ചതിനെ തുടർന്ന് ഡോക്ടറെ പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഡോക്ടർ അർച്ചന ശർമ്മ ബുധനാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. സംസ്ഥാനത്തുടനീളം രോഷത്തിന് കാരണമായ ആത്മഹത്യയെ തുടർന്ന് പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. പ്രസവിച്ചതിന് തൊട്ടുപിന്നാലെ രക്തസ്രാവം മൂലം യുവതി മരിച്ചു. ഇതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. അവർ ബി.ജെ.പി നേതാവിനൊപ്പം ആശുപത്രിയിലെത്തി ബഹളം വെക്കുകയായിരുന്നു. ഡോ. ശർമ്മക്കും ഭർത്താവിനുമെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തതിന് ശേഷമാണ് ഇവർ പിരിഞ്ഞത്. പ്രകടനങ്ങളും ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് സമർപ്പിച്ചതും ഡോ. ശർമയെ അസ്വസ്ഥനാക്കിയെന്ന് പൊലീസ് പറഞ്ഞു.
മരിച്ച രോഗിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അർച്ചന ശർമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത സംസ്ഥാന പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്ടർമാർ തെരുവിലിറങ്ങി.
തന്റെ മരണശേഷം ഭർത്താവിനെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ഉപദ്രവിക്കരുതെന്ന് കൈകൊണ്ട് എഴുതിയ ആത്മഹത്യാ കുറിപ്പിൽ ഡോക്ടർ ശർമ്മ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.