രാജസ്ഥാൻ: കർഷകർക്ക് വാഗ്ദാനവുമായി കോൺഗ്രസ് പ്രകടനപത്രിക
text_fieldsജയ്പുർ: ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന രാജസ്ഥാനിൽ കർഷകർക്ക് മുൻതൂക്കം നൽകുന്ന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി പ്രകടനപത്രികയായ ജൻ ഗോഷ്ന പത്ര കോൺഗ്രസ് പുറത്തിറക്കി. കൃഷി വായ്പ എഴുതിതള്ളും, കാർഷിക ഉപകരണങ്ങളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കും, പ്രായമേറിയ കർഷകർക്ക് പെൻഷൻ, ഗൗചാർ ഭൂമി ബോർഡ് സ്ഥാപിക്കും, തൊഴിൽ രഹിതർക്ക് മാസം തോറും 3500 രൂപ അലവൻസ്, ആരോഗ്യ അവകാശ ബിൽ കൊണ്ടുവരും തുടങ്ങിയവയാണ് വോട്ടർമാർക്ക് കോൺഗ്രസ് നൽകുന്ന പ്രധാന വാഗ്ദാനങ്ങൾ.
വെയർഹൗസുകൾ, സംഭരണശാലകൾ അടക്കമുള്ള സംവിധാനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ ഉറപ്പുവരുത്തും. അഗ്രോ പ്രൊസസിങ് ട്രെയിനിങ് സെന്‍റർ, കാർഷിക വിൽപന കേന്ദ്രങ്ങൾ, അടിസ്ഥാന താങ്ങുവിലയിൽ ധാന്യവിളകൾ വാങ്ങും, ഡയറികളുടെ വികസനം, മൃഗ സംരക്ഷണം, ജലസേചനം, സഹകരണമേഖല എന്നിവയിൽ നടത്താൻ ലക്ഷ്യമിടുന്ന കാര്യങ്ങളും പ്രകടനപത്രികയിൽ വിശദീകരിക്കുന്നുണ്ട്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും, ബി.ജെ.പി സർക്കാർ അടച്ചുപൂട്ടിയ 20,000 സ്കൂളുകൾ തുറക്കും, എല്ലാ പഞ്ചായത്തുകളിലും പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം, പഞ്ചായത്ത് ആസ്ഥാനങ്ങളിൽ ഹൈസ്കൂൾ സ്ഥാപിക്കും, സ്കൂൾ-കോളജ് വിദ്യാർഥിനികൾക്ക് സൗജന്യ നാപ്കിൻ വിതരണം, വനിതകളുടെ സുരക്ഷക്കായി 24 മണിക്കൂർ പ്രവർത്തന സജ്ജമായ ഹെൽപ്പ് ലൈൻ സംവിധാനം
കച്ചവടത്തിനുള്ള വായ്പകൾ വേഗത്തിലാക്കും, പരീക്ഷകൾക്ക് പോകാൻ സൗജന്യ യാത്രാ സംവിധാനം, വ്യവസായ സൗഹൃദത്തിന് മുൻതൂക്കം നൽകി കോളജ്-യൂനിവേഴ്സിറ്റി കരിക്കുലം പരിഷ്കരിക്കും, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക ബോർഡ് സ്ഥാപിക്കും, മുഴുവൻ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കും, ജല ദൗർലഭ്യം പരിഹരിക്കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ.
രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ സചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കോൺഗ്രസിന്‍റെ പ്രകടനപത്രിക വെറും കടലാസ് മാത്രമല്ലെന്നും പ്രതിബദ്ധതയാണെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതോടെ സംസ്ഥാനം വലിയ വികസനത്തിലേക്ക് കുതിക്കുമെന്നും സചിൻ അവകാശപ്പെട്ടു.
ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.