രാമക്ഷേത്ര നിർമാണത്തിന് വനഭൂമിയിൽ ഖനനമനുവദിക്കാൻ രാജസ്ഥാൻ സർക്കാർ
text_fieldsജയ്പുർ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിനായി മൺകട്ട ഖനനത്തിന് അനുമതി നൽകാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. രാജസ്ഥാനിലെ ഭരത്പുർ ജില്ലാ ഭരണകൂടമാണ് ബൻസി പഹാർപുർ വന്യജീവി സങ്കേതത്തിൽനിന്നു രാമക്ഷേത്രത്തിനായി മണൽകട്ട ഖനനം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.
ക്ഷേത്രത്തിനായി പ്രദേശത്തുനിന്നും ആയിരക്കണക്കിന് ടൺ കട്ടകൾ ഇതിനകം പല വർഷങ്ങളിലായി ഖനനം ചെയ്തിരുന്നു. അതു പോരാതെ വന്നതിനെ തുടർന്നാണ് വീണ്ടും ഖനനത്തിന് തയാറെടുക്കുന്നത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കല്ല് വിതരണത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും ബൻസി പഹാർപുരിൽ വനം, വന്യജീവി നിയമവുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതിന് പരിഹാരമായെന്നും വിശ്വഹിന്ദു പരിഷത് നേതാവ് ത്രിലോകി നാഥ് പാണ്ഡെ അയോധ്യയിൽ പറഞ്ഞു.
രാമക്ഷേത്രത്തിന് നിർമാണ സാമഗ്രികൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് ഉത്തർപ്രദേശിലെ മായാവതി, മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ എല്ലാ മുൻ സർക്കാറുകളുടെയും സഹകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം ഘനയടി കല്ല് ഇതിനകം ശേഖരിച്ചുവെച്ചിട്ടുണ്ടെന്നും രണ്ട് ലക്ഷം ഘനയടി ഇനിയും ആവശ്യമാണെന്നും ക്ഷേത്ര പദ്ധതിയുമായി ബന്ധപ്പെട്ട ആർക്കിടെക്റ്റ് അനുഭായ് സോംപുര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.