യു-ടേണടിച്ച് രാജസ്ഥാൻ സർക്കാർ; ശൈശവ വിവാഹത്തിന് നിയമസാധുത നൽകുന്ന നിയമദേദഗതി പിൻവലിച്ചു
text_fieldsജയ്പൂർ: ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ശൈശവ വിവാഹത്തിന് നിയമസാധുത നൽകുന്ന നിയമദേദഗതി രാജസ്ഥാൻ സർക്കാർ പിൻവലിച്ചു. പ്രക്ഷോഭങ്ങൾക്കിടയിൽ കഴിഞ്ഞ മാസമാണ് രാജസ്ഥാൻ നിയമസഭ നിർബന്ധിത രജിസ്ട്രേഷൻ ഭേദഗതി ബിൽ-2021 പാസാക്കിയത്. 2009 ലെ രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ ആക്ട് ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാൽ ഇതുവരെ പ്രാബല്യത്തിൽ വന്നിരുന്നില്ല
പുതിയ നിയമത്തിലെ സെക്ഷൻ എട്ട് അനുസരിച്ച്, വധൂവരന്മാർക്ക് 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന സ്ഥലത്തെ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് വിവാഹ രജിസ്ട്രേഷനായി അപേക്ഷിക്കാമായിരുന്നു. 21 വയസിൽ താഴെയുള്ള വരനും 18 വയസിൽ താഴെയുള്ള വധുവും തമ്മിൽ വിവാഹം കഴിച്ചാൽ 30 ദിവസത്തിനകം അടുത്ത ബന്ധുക്കളോ രക്ഷകർത്താവോ രജിസ്ട്രേഷൻ നിർവ്വഹിക്കണമെന്ന് നിയമത്തിൽ പറഞ്ഞിരുന്നു.
ഈ നിയമം ശൈശവ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് വ്യാപകമായി വിമർശനമുയർന്നു. ഒരു എൻ.ജി.ഒ നിയമഭേദഗതിക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹരജി നൽകി. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര ബാലികാദിനമായിരുന്ന തിങ്കളാഴ്ചയാണ് സർക്കാർ ഗവർണറോട് ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ശൈശവ വിവാഹം പൂർണമായി ഇല്ലാതാക്കുന്നതിന് ശക്തമായ ഇച്ഛാശക്തിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് പറയുന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് ബിൽ കൊണ്ടുവന്നതെന്നും ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണ കാരണം ബിൽ തിരികെ നൽകാൻ ഞങ്ങൾ ഗവർണറോട് അഭ്യർഥിക്കുന്നതായും ഗെഹ്ലോട്ട് പറഞ്ഞു.
പ്രതിപക്ഷമായ ബി.ജെ.പിയുടെ പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടയില്‍ സെപ്റ്റംബർ 17നാണ് ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കിയത്. നേരത്തെ, വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ ജില്ലാ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് (ഡി.എം.ആർ.ഒ) മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഡി.എം.ആർ.ഒയെയും ബ്ലോക്ക് എം.ആർ.ഒയെയും നിയമിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നതായിരുന്നു പുതിയ ഭേദഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.