രാജസ്ഥാനിൽ ക്വാറിക്കെതിരെ പ്രതിഷേധം, സ്വയം തീകൊളുത്തി സന്യാസി; ക്വാറി പ്രവർത്തനം തടഞ്ഞ് സർക്കാർ
text_fieldsജെയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ക്വാറി പ്രവർത്തനം തടഞ്ഞ് സർക്കാർ. ക്വാറിക്കെതിരെ സന്യാസികൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് സർക്കാർ ഉത്തരവിറക്കിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി വിജയ ദാസ് എന്ന സന്യാസി സ്വയം തീകൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറി പ്രവർത്തനം തടഞ്ഞ് സർക്കാർ ഉത്തരവിട്ടത്. ആദി ബദ്രിനാഥ്, കങ്കാചൽ കുന്നുകൾ എന്നിവിടങ്ങളിലെ ഖനികൾക്കെതിരെയായിരുന്നു പ്രതിഷേധം.
80 ശതമാനം പൊള്ളലേറ്റ വിജയ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരാൾ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണിയും മുഴക്കിയിരുന്നു. ഒന്നര വർഷമായി ഇവിടെ ഖനനം നടത്തുന്നതിനെതിരെ സന്യാസിമാർ പ്രതിഷേധത്തിലായിരുന്നു.
ക്വാറി ഇപ്പോൾ ഉള്ള സ്ഥലം വനഭൂമിയായി പ്രഖ്യാപിക്കുമെന്നും ഇതിനായി 15 ദിവസത്തിനകം നോട്ടീസ് ഇറക്കുമെന്നും ക്വാറി മറ്റൊരിടത്തേക്ക് മാറ്റുമെന്നും സർക്കാർ അറിയിച്ചു. 2000 മുതൽ 2018 വരെയാണ് ക്വാറി നടത്താൻ അനുമതി നൽകിയിരുന്നത്. ആദി ബദ്രിനാഥിൽ 34ഉം കങ്കാചൽ കുന്നുകളിൽ 11ഉം ഖനികൾ ഉണ്ട്. 2500 തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു.
പ്രതിഷേധം മറ്റൊരു തലത്തിലേക്ക് മാറിയതാണ് ഉടൻ തീരുമാനം എടുക്കാൻ കാരണം. ഇതോടെ പസോപയിൽ ഒന്നര വർഷമായി സന്യാസികൾ തുടരുന്ന പ്രതിഷേധം അവസാനിപ്പിച്ചതായി അവർ അറിയിച്ചു.
സംഭവത്തിൽ ഇത്രയും നാളും നടപടി സ്വീകരിക്കാത്ത സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറിനെതിരെ ബി.ജെ.പി ഭരത്പൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. സ്ഥിതി ഇത്രത്തോളം ആക്കിയതിന്‍റെ കാരണം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് വിശദീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.