കുഞ്ഞിനെ വേണമെന്ന് യുവതിയുടെ ഹരജി; ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് 15 ദിവസത്തെ പരോൾ നൽകി കോടതി
text_fieldsജയ്പൂർ: കുഞ്ഞിനെ വേണമെന്ന യുവതിയുടെ ഹരജി പരിഗണിച്ച കോടതി, ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭർത്താവിന് 15 ദിവസത്തെ പരോൾ അനുവദിച്ചു. അജ്മീർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നന്ദ ലാൽ എന്ന പ്രതിയുടെ ഭാര്യയാണ് തന്‍റെ ഭർത്താവിൽ നിന്നൊരു കുഞ്ഞിനെ വേണമെന്ന ആവശ്യം ഉന്നയിച്ച് രാജസ്ഥാൻ ഹൈകോടതിയിൽ ഹരജി നൽകിയത്. ജസ്റ്റിസുമാരായ ഫർസന്ദ് അലി, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് പരോളിനുള്ള അനുമതി നൽകിയത്.
2021ലെ രാജസ്ഥാൻ പ്രിസണേഴ്‌സ് റിലീസ് ഓൺ പരോൾ നിയമ പ്രകാരം ഒരു കുഞ്ഞിനെ വേണമെന്ന ഭാര്യയുടെ അപേക്ഷയിൽ തടവുകാരനെ പരോളിൽ വിട്ടയക്കാൻ പ്രത്യേക വ്യവസ്ഥകളില്ല. എന്നാൽ വിവിധ മതഗ്രന്ഥങ്ങളും സാമൂഹിക-മാനുഷിക വശങ്ങളും മൗലികാവകാശങ്ങളും ഉദ്ധരിച്ചുകൊണ്ടാണ് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട ഭാര്യയുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി തീരുമാനിച്ചത്.
വിവാഹ ശേഷം ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വംശാവലി കാത്തുസൂക്ഷിക്കുന്നതിനായി സന്താനങ്ങൾ ആവശ്യമാണെന്ന് മത ദർശനങ്ങളിലൂടെയും ഇന്ത്യൻ സംസ്‌കാരത്തിലൂടെയും വിവിധ ജുഡീഷ്യൽ പ്രഖ്യാപനങ്ങളിലൂടെയും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
''തടവുകാരന്റെ ഭാര്യക്ക് സന്താനങ്ങളുണ്ടാകാനുള്ള അവകാശം നഷ്‌ടപ്പെട്ടിരിക്കുന്നു, അതേസമയം പരാതിക്കാരി കുറ്റവാളിയോ ശിക്ഷക്ക് വിധേയയോ അല്ല. അതിനാൽ പരാതിക്കാരിയുടെ ആവശ്യം നിഷേധിക്കുന്നത് അവരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കും'' -കോടതി കൂട്ടിച്ചേർത്തു.
തുടർന്ന് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിനൊപ്പം 25,000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും നൽകി 15 ദിവസത്തെ പരോളിൽ പ്രതിയെ വിട്ടയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.