പഞ്ചാബ് അല്ല രാജസ്ഥാൻ; ഗെഹ്ലോട്ടിന് 100ലേറെ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് നിരീക്ഷകൻ
text_fieldsജയ്പൂർ: പഞ്ചാബ് കോൺഗ്രസിലെ അധികാര വടംവലിയെ തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ തലമാറ്റത്തിന് കോൺഗ്രസ് തയാറായിരുന്നു. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പി.സി.സി അധ്യക്ഷൻ നവ്ജോത് സിങ് സിധുവും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് രംഗം വഷളാക്കിയത്. ഭൂരിപക്ഷം എം.എൽ.എമാരും മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അമരീന്ദർ രാജിവെച്ചത്. ഇതിന് പിന്നാലെ കോൺഗ്രസിന് ഭരണമുള്ള മറ്റ് രണ്ട് സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഛത്തിസ്ഗഡിലും സമാനമായ പ്രശ്നങ്ങൾ തലപൊക്കുന്നതിന്‍റെ സൂചനകൾ പുറത്തുവന്നിരുന്നു.
എന്നാൽ രാജസ്ഥാൻ രാഷ്ട്രീയത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് 100ലധികം എം.എൽ.എമാരുടെ പിന്തുണയുള്ളതിനാൽ സംസ്ഥാന ഭരണത്തിൽ നേതൃമാറ്റത്തിന് സാധ്യതയില്ലെന്ന് കോൺഗ്രസ് നിരീക്ഷകനും റവന്യൂ മന്ത്രിയുമായ ഹരീഷ് ചൗധരി പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റിന് വിലപേശാൻ തക്കവണ്ണമുള്ള പിന്തുണയില്ലെന്നാണ് ഹൈക്കമാൻഡ് നിയമിച്ച നിരീക്ഷകനായ ഹരീഷ് പറഞ്ഞ് വെക്കുന്നത്.
'പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റാനുള്ള തീരുമാനം ചരിത്രപരമാണ്. പക്ഷേ രാജസ്ഥാനിലെ സ്ഥിതി വളരെ വ്യത്യസ്തമാണ്. ഇവിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് നൂറിലധികം എം.എൽ.എമാരുടെ പിന്തുണയുണ്ട്' -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച സചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സന്ദർശിച്ച സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിരുന്നു. രാജസ്ഥാനിലെ മന്ത്രിസഭ പുനസംഘടനയെ കുറിച്ച് സംസാരിക്കാനായിരുന്നു സന്ദർശനം. 18 എം.എൽ.എമാരെ കൂടെ നിർത്തി കഴിഞ്ഞ വർഷം കലാപക്കൊടി ഉയർത്തിയതോടെയാണ് സചിനെ ഉപമുഖ്യമന്ത്രി പി.സി.സി അധ്യക്ഷ പദവികളിൽ നിന്ന് നീക്കിയത്. ഇപ്പോൾ സചിനും ഹൈക്കമാൻഡും തമ്മിൽ ഭിന്നതകൾ ഇല്ലെന്നാണ് വിവരം.
സചിൻ അനുകൂലികളെ ചർച്ചകൾക്ക് പിന്നാലെ രാജസ്ഥാനിൽ ഉടൻ മന്ത്രിസഭ വികസനമുണ്ടാകുമെന്നാണ് രാഹുൽ ഗാന്ധി സൂചന നൽകുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സചിനെ നിയമിക്കുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.