രാജസ്ഥാൻ: ആറിടത്ത് ഉഗ്രപോര്
text_fieldsജയ്പുർ: രാജസ്ഥാനിൽ രണ്ടുഘട്ടങ്ങളിലായി ഈ മാസം നടക്കുന്ന 25 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആറിടത്ത് മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം. ‘ഇൻഡ്യ’ മുന്നണിയിൽ കോൺഗ്രസ് 22 ഇടത്ത് സ്വന്തം സ്ഥാനാർഥികളെ നിർത്തിയപ്പോൾ രണ്ടു സീറ്റുകൾ ആർ.എൽ.പി, സി.പി.എം പാർട്ടികൾക്കായി നൽകിയിട്ടുണ്ട്. ബൻസ്വാര സീറ്റിൽ തീരുമാനമാകുന്നതേയുള്ളൂ. എന്നാൽ, എല്ലായിടത്തും ബി.ജെ.പി സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു.
ചുരറു, കോട-ബുണ്ടി, ശികർ, നഗോർ, ബൻസ്വാര, ബാർമർ എന്നിവിടങ്ങളിലാണ് ശക്തമായ മത്സരം. ഇതിൽ ചുറു (രാഹുൽ കസ്‍വാൻ), കോട-ബുണ്ടി (പ്രഹ്ലാദ് ഗുഞ്ചൽ), ബാർമർ (ഉമ്മേദരം) എന്നിവിടങ്ങളിൽ കോൺഗ്രസ് കൂറുമാറ്റക്കാരെ പരീക്ഷിച്ചപ്പോൾ ബി.ജെ.പി ബൻസ്വാരയിലും സമാനമായി ഒരാൾക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്- മഹേന്ദ്ര സിങ് മാളവ്യയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി രാജസ്ഥാൻ തൂത്തുവാരിയിരുന്നു. 2014 ബി.ജെ.പി ഒറ്റക്ക് എല്ലാ സീറ്റും നേടിയെങ്കിൽ 19ൽ 24 എണ്ണം ബി.ജെ.പിയും ഒരു സീറ്റ് സഖ്യകക്ഷിയായ ആർ.എൽ.പിയും നേടി. ഇത്തവണ ബി.ജെ.പി ഒറ്റക്ക് നിൽക്കുമ്പോൾ ആർ.എൽ.പി ഇൻഡ്യ സഖ്യത്തിനൊപ്പമാണ്. 2019ൽ ഒരു സീറ്റുപോലും കോൺഗ്രസിന് കിട്ടിയിരുന്നില്ല.
മുൻപ്രതിപക്ഷ നേതാവ് രാജേന്ദ്ര റാഥോറും ചുറു എം.പി രാഹുൽ കസ്‍വാനും തമ്മിലെ കടുത്ത പോര് അവസരമാക്കി കോൺഗ്രസ് കസ്‍വാനെ ഒപ്പം കൂട്ടുകയായിരുന്നു. പാർട്ടിയിൽ ചേർന്നയുടൻ അദ്ദേഹത്തെ ചുറുവിൽ സ്ഥാനാർഥിയാക്കുകയും ചെയ്തു. ചുറു മണ്ഡലത്തിൽ എട്ടു നിയമസഭ സീറ്റുകളിൽ അഞ്ചിലും കോൺഗ്രസ് എം.എൽ.എമാരാണ്. ഇത് അവസരമാകുമെന്നാണ് കരുതുന്നത്. സമാനമായി ഹദോത്തി മേഖലയിലെ കോട-ബുണ്ടിയിൽ കരുത്തനായ നേതാവിനെയാണ് കോൺഗ്രസ് അണിനിരത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ ഓം ബിർള ബി.ജെ.പിക്കായി ജനവിധി തേടുന്ന ഇവിടെ പുതുതായി കോൺഗ്രസിലെത്തിയ പ്രഹ്ലാദ് ഗുഞ്ചൽ ആണ് പോരിനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.