35 വർഷത്തിന് ശേഷം പിറന്ന കൺമണി; വീട്ടിലെത്തിക്കാൻ ഹെലികോപ്ടർ വാടകക്കെടുത്ത് കുടുംബം
text_fieldsനാഗോർ: രാജസ്ഥാനിലെ നാഗോറിൽ 35 വർഷത്തിന് ശേഷം പിറന്ന പെൺകുഞ്ഞിനെ വീട്ടിലെത്തിക്കാൻ ഹെലികോപ്ടർ വാടകക്കെടുത്ത് കുടുംബം. മാർച്ച് മൂന്നിനാണ് ഹനുമാൻ പ്രജാപതിനും ഭാര്യ ചുകി ദേവിക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് ഇരുവരും റിയ എന്ന് പേരിടുകയും ചെയ്തു.
നാഗോറിലെ ആശുപത്രിയിൽനിന്ന് പ്രസാവാനന്തര ശുശ്രൂഷകൾക്കായി അമ്മയെയും കുഞ്ഞിനെയും ചുകിയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഹർസോലവ് ഗ്രാമത്തിലാണ് ചുകിയുടെ വീട്.
'എന്‍റെ മകളുടെ വരവ് സന്തോഷകരമാക്കാൻ എന്തും ചെയ്യുമായിരുന്നു. അതിനാൽ കുഞ്ഞിനെ ഗ്രാമത്തിലെത്തിക്കാൻ ഹെലികോപ്ടർ യാത്ര തെരഞ്ഞെടുക്കുകയായിരുന്നു' ഹനുമാൻ പറഞ്ഞു.
നിംബ്ഡി ചന്ദവാദ ഗ്രാമത്തിലാണ് ഹനുമാന്‍റെ താമസം. അവിടെനിന്ന് ചുകിയുടെ ഗ്രാമമായ ഹർസോലവിലേക്ക് 40 കിലോമീറ്ററാണ് ദൂരം. ഹെലികോപ്ടറിൽ 10 മിനിറ്റുകൊണ്ട് അവിടെയെത്താനാകും.
ഹനുമാനും ബന്ധുക്കളായ മൂന്നുപേരും ഹെലികോപ്ടറിൽ ആദ്യം ചുകിയുടെ ഗ്രാമത്തിലെത്തുകയായിരുന്നു. അവിടെനിന്ന് ഭാര്യയെയും മകളെയും കൂട്ടി നിംബ്ഡി ഗ്രാമത്തിലേക്ക് തിരിച്ചു.
കുടുംബത്തിൽ 35 വർഷത്തിന് ശേഷം പെൺകുഞ്ഞ് ജനിച്ചത് ആഘോഷമാക്കുന്നതിന് പിതാവ് മദൻലാൽ കുംഹാറാണ് ഈ ഐഡിയ പറഞ്ഞതെന്ന് ഹനുമാൻ പ്രജാപത് പറഞ്ഞു.
'സാധാരണ പെൺകുട്ടികളുടെ ജനനം ആരും ആഘോഷിച്ച് കാണാറില്ല. എന്നാൽ ഞങ്ങൾക്ക് പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഞാൻ മകളെ പഠിപ്പിക്കുകയും അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യും' -പ്രജാപത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.