കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനം: രാജസ്ഥാനിൽ 250ലേറെ പൊലീസുകാർ അവധിയെടുത്ത് പ്രതിഷേധിച്ചു
text_fields
ജെയ്പുർ: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ സന്ദർശന ദിവസം രാജസ്ഥാനിലെ ജോധ്പുരിൽ 250ലധികം പൊലീസുകാർ അവധിയെടുത്ത് പ്രതിഷേധിച്ചു. കേന്ദ്രമന്ത്രിക്ക് ഗാർഡ് ഒാഫ് ഒാണർ നൽകേണ്ടവരുൾപ്പെടെയാണ് ഒരു ദിവസത്തേക്ക് അവധിയെടുത്തത്. ശമ്പള സ്കെയിൽ കുറക്കുമെന്ന പ്രചാരണത്തെ തുടർന്നാണത്രെ പ്രതിഷേധം. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇൻറലിജൻസ് ബ്യൂറോയുടെ പ്രാദേശിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യാനായിരുന്നു കേന്ദ്രമന്ത്രിയുടെ ഹ്രസ്വ സന്ദർശനം.
അവധി അനുവദിക്കാത്ത സാഹചര്യത്തിൽ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജോധ്പുർ എസ്.പി അശോക് റാത്തോഡ് അറിയിച്ചു. സേനാംഗങ്ങൾ അപ്രതീക്ഷിതമായി അവധിയിൽ പോയതിനാൽ ഗാർഡ് ഒാഫ് ഒാണറിന് അവസാന നിമിഷം പകരക്കാരെ നിയോഗിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ജോധ്പുർ പൊലീസ് കമീഷണറേറ്റ് സന്ദർശിച്ച എ.ഡി.ജി.പി എം.എൽ. ലത്താറിനും ഗാർഡ് ഒാഫ് ഒാണർ നൽകാൻ പൊലീസുകാർ തയാറായില്ല.
ജെയ്പുർ മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 10 പൊലീസുകാർ തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചിരുന്നു. ശമ്പള സ്കെയിൽ നിലവിലെ 24,000ത്തിൽനിന്ന് 19,000 ആയി വെട്ടിക്കുറക്കുന്നെന്നാണ് പ്രചാരണം. എന്നാൽ, ഇത്തരത്തിലൊരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. ഇതുസംബന്ധിച്ച ഫയൽ മന്ത്രിസഭ സമിതിയുടെ പരിഗണനയിലിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശമ്പളം കുറക്കുന്നതിനെതിരെ സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങൾ രണ്ടാഴ്ചയായി സമരരംഗത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.