കൂട്ടബലാത്സംഗ അതിജീവിതയെ ബോർഡ് പരീക്ഷയിൽ നിന്ന് വിലക്കി സ്കൂൾ അധികൃതർ
text_fieldsജയ്പൂർ: രാജസ്ഥാനിൽ കൂട്ടബലാത്സംഗ അതിജീവിതയെ പരീക്ഷയെഴുതുന്നതിൽ നിന്ന് തടഞ്ഞതായി റിപ്പോർട്ട്. അജ്മീറിലാണ് സംഭവം. പരീക്ഷക്കെത്തിയാൽ കുട്ടിയുടെ സാന്നിധ്യം സ്കൂളിലെ അന്തരീക്ഷം നശിപ്പിക്കുമെന്ന് അധ്യാപകർ പറഞ്ഞുവെന്നും വീട്ടിൽ ഇരുന്ന് പഠിക്കാൻ ആവശ്യപ്പെട്ടുവെന്നും അതിജീവിത പറയുന്നു.
പീഡനത്തിനിരയായ പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കത്ത് നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാല് മാസങ്ങൾക്ക് മുൻപ് താൻ പരീക്ഷക്കെത്തിയിരുന്നുവെന്നും എന്നാൽ അധ്യാപകർ അഡ്മിറ്റ് കാർഡ് നിഷേധിക്കുകയായിരുന്നുവെന്നുമാണ് കത്തിലെ പരാമർശം. പരീക്ഷക്കെത്തുന്ന വിദ്യാർഥികളുടെ ലിസ്റ്റിൽ നിന്നും അതിജീവിതയുടെ പേര് വെട്ടിയതായും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഞ്ജലി ശർമ പറഞ്ഞു.
കുട്ടിയുടെ പഠനത്തെ തടസപ്പെടുത്താത്ത രീതിയിൽ അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ശർമ കൂട്ടിച്ചേർത്തു. അതിജീവിത നൽകിയ കത്തിന്റെ പകർപ്പ് ജില്ലാ കലക്ടർക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമസഹായം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശിശുക്ഷേമ സമിതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി ചർച്ച നടത്തുന്നുണ്ടെന്നും ശർമ കൂട്ടിച്ചേർത്തു. ബോർഡ് പരീക്ഷ അവസാനിച്ചെങ്കിലും വരാനിരിക്കുന്ന സപ്ലിമെന്ററി പരീക്ഷ എഴുതാൻ വേണ്ട നടപടികൾ തുടരുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.