റോഡ് നന്നാക്കണമെന്നാവശ്യം; രക്തംകൊണ്ട് അധികാരികൾക്ക് കത്തെഴുതി രാജസ്ഥാനിലെ ഗ്രാമവാസികൾ
text_fieldsജയ്പൂര്‍: മോശം റോഡുകള്‍ മൂലം ദുരിതത്തലായി അധികാരികള്‍ക്ക് രക്തംകൊണ്ട് കത്തെഴുതി രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ജനങ്ങള്‍. തങ്ങളുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.
രാജസ്ഥാനിലെ ധീരസര്‍, ജസാസര്‍, നകരസര്‍, രാംദേവ്ര നിവാസികള്‍ ഒരു വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാരണം ബുദ്ധിമുട്ടിലാണ്. ഗ്രാമത്തിലെ നിരവധിയാളുകള്‍ക്കാണ് തകര്‍ന്ന റോഡുകളിലൂടെ സഞ്ചരിച്ചത് കാരണം അപകടം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായ രോഗികളെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാറില്ല. പലപ്പോഴും വഴിയില്‍വെച്ച് രോഗികള്‍ മരിക്കുന്നതും പതിവാണ്.
35 കിലോമീറ്ററുള്ള ധീരാസര്‍ ഗ്രാമത്തില്‍ നിന്ന് ചുരുവിലേക്കുള്ള റോഡാണ് തകര്‍ന്നുകിടക്കുന്നത്. ഒന്നര വർഷം മുമ്പ് ഈ റോഡിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും കരാറുകാരന്‍ നിർമാണ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ തകരാറിലാകുന്നതും പതിവ് കാഴ്ചയാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ നിരവധി തവണ അധികാരികളെയും കളക്ടറെയും പോയി കണ്ടെങ്കിലും ഫലവുമുണ്ടായില്ല. തുടർന്നാണ് ഗ്രാമീണര്‍ തങ്ങളുടെ ചോര ഉപയോഗിച്ച് കത്തെഴുതാന്‍ തീരുമാനിച്ചത്. ഇനിയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.