രാജസ്ഥാനിൽ 65കാരിക്ക് ഡെൽറ്റ പ്ലസ് വകഭേദം; രോഗമുക്തി നേടിയതായി അധികൃതർ
text_fieldsജയ്പൂർ: രാജസ്ഥാനിലും ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തു. ബിക്കാനീർ സ്വദേശിയായ 65കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
മേയ് 30 സ്ത്രീയുടെ സാമ്പിളുകൾ പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി സെൻററിലേക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസം പരിശോധന ഫലം വന്നതോടെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിക്കുകയായിരുന്നു.
'ഒരു സ്ത്രീയുടെ സാമ്പിളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി. അവർ കോവിഡ് ബാധയിൽനിന്ന് രോഗമുക്തി നേടിയിരുന്നു' -ബിക്കാനീർ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഒാഫിസർ ഡോ. ഒ.പി. ചഹർ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്ത ഡെൽറ്റ പ്ലസ് വകഭേദത്തിെൻറ കേസ് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
അവർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല, അതിനാൽ തന്നെ വേഗത്തിൽ രോഗമുക്തി നേടി. അവർ കോവാക്സിെൻറ രണ്ടു ഡോസുകളും സ്വീകരിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതിയുടെ പ്രദേശത്തെ നിരവധി പേരുടെ സാമ്പിളുകൾ പരിശോധിച്ചു. പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നാണ് വിവരം.
നിലവിൽ 9,51,826 പേർക്കാണ് രാജസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 131 കേസുകളും പുതുതായി സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.