രാജസ്ഥാനിലെ ‘യോഗി’, ബുൾഡോസറിൽ പത്രിക നൽകാനെത്തി; ആരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ബാലക് നാഥ്?
text_fieldsജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയമുറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിലൊന്നായി ഉയർന്നിരിക്കുകയാണ് മഹന്ത് ബാലക് നാഥിന്റേത്. അരനൂറ്റാണ്ടിനിടയിൽ തിജാര മണ്ഡലത്തിൽ ഒരു തവണമാത്രം ജയിച്ച ചരിത്രം മാറ്റിമറിക്കാൻ ആൾവാറിലെ എം.പിയായിരിക്കേത്തന്നെ ബാലക് നാഥിനെ ബി.ജെ.പി മത്സരിപ്പിക്കുമ്പോൾ വ്യക്തമായ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. 2.61 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ഒരു ലക്ഷത്തോളം മുസ്‍ലിംകളാണ്. നിർമാണ മേഖലയിലെ പ്രമുഖനായ ഇമ്രാൻ ഖാനെയാണ് കോൺഗ്രസ് മണ്ഡലം നിലനിർത്താൻ നിയോഗിച്ചത്. തന്റെ മത്സരം ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം പോലെയാണെന്ന് പറഞ്ഞ് തുടങ്ങിയ ബാലക് തന്റെ ഉദ്ദേശ്യം ആദ്യമേ വ്യക്തമാക്കി.
ഇതിനകം വിദ്വേഷ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ ‘രാജസ്ഥാനിലെ യോഗി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 39കാരന് യോഗി ആദിത്യനാഥുമായി സാമ്യമേറെയാണ്. യോഗിയെ പോലെ ഹരിയാനയിലെ ബാബ മസ്ത്നാഥ് മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു പോന്നയാളാണ് ബാലകും. കാവി തലക്കെട്ടും ക്ലീൻ ഷേവുമായി ഗൗരവത്തിലെത്തുന്ന ബാലക് നാഥിനായി തിജാരയിലെ പ്രചാരണത്തിന് ആദ്യമെത്തിയത് യോഗി ആദിത്യനാഥായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പത്രിക നൽകാൻ യോഗിക്കൊപ്പം ബുൾഡോസറിൽ എത്തിയപ്പോഴും ഉന്നം വ്യക്തമായിരുന്നു. വസുന്ധര രാജെയും കേന്ദ്രനേതാക്കളും പരസ്പരം ഇടഞ്ഞു നിൽക്കുന്ന ഒഴിവിൽ യു.പിയിലെന്നപോലെ രാജസ്ഥാനിൽ മുഖ്യമന്ത്രിസ്ഥാനമാണ് ഉന്നം.
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 10 ശതമാനം പേർ പിന്തുണച്ചത് ബാലക് നാഥിനെയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബാലക് നാഥിനെ വെച്ച് ഒരു യു.പി മോഡൽ പരീക്ഷണത്തിന് ബി.ജെ.പി ഒരുങ്ങിയാലും അദ്ഭുതപ്പെടാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.