സ്ത്രീകളുടെ അവകാശങ്ങൾ; കോൺഗ്രസിന്റേത് പൊള്ളയായ നിലപാടെന്ന് രാജീവ് ചന്ദ്രശേഖർ
text_fieldsന്യൂഡൽഹി: സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച് കോൺഗ്രസിന്റേത് പൊള്ളയായ നിലപാടെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിന് മുമ്പ് ആവർത്തിച്ചിരുന്ന ഭരണഘടനയും സ്ത്രീസുരക്ഷയും പിന്നീട് കോൺഗ്രസ് മറന്നു. കോൺഗ്രസിൽ കാസ്റ്റിങ് കൗച്ചിന് സമാനമായ സാഹചര്യമുണ്ടെന്ന് ആരോപണമുന്നയിച്ച സിമി റോസ് ബെൽ ജോണിനെ ഏകപക്ഷീയമായാണ് പാർട്ടി പുറത്താക്കിയത്.
സിമിയുടെ പരാതിയിൽ അന്വേഷണം നടത്തുകയെന്ന കേവല മര്യാദപോലും കോൺഗ്രസ് പാലിച്ചില്ല. സ്ത്രീകൾക്കെതിരെ അതിക്രമമുണ്ടായാൽ അന്വേഷിക്കുകയും നിയമനടപടി സ്വീകരിക്കുകയുമാണ് നീതി. ഭരണഘടന സംരക്ഷിക്കുമെന്ന് പറഞ്ഞവർ സ്വന്തം പാർട്ടിയിലെത്തുമ്പോൾ അത് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സിമിക്കെതിരായ നടപടി കോൺഗ്രസിലെ ഇരട്ട നീതിയും കാപട്യവുമാണ് വെളിവാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷത്തോളം ഇടതുസർക്കാർ പൂഴ്ത്തിവെച്ചു. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ കാര്യമായ വ്യത്യാസമില്ല. പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ വ്യക്തത വരുത്താനുള്ള ബാധ്യത സി.പി.എമ്മിനുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.