സമുദായം ധവാനോട് കടപ്പെട്ടിരിക്കുന്നു -വ്യക്തിനിയമ ബോർഡ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ രാജീവ് ധവാൻ ബാബരി ഭൂമി കേസിന് നൽകിയ സംഭാവന അസാധാരണമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി വലി റഹ്മാനി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. തെൻറ ഹൃദയവും ആത്മാവും കേസിന് സമർപ്പിച്ച ധവാനോട് സമുദായം എന്നും കടപ്പെട്ടിരിക്കുമെന്നും ഇനിയും കേസിൽ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും വലി റഹ്മാനി പറഞ്ഞു.
സുപ്രീംകോടതിയിൽ ധവാൻ നടത്തിയ വാദം മികച്ചതും വിലമതിക്കാനാവാത്തതുമാണ്. തനിക്കെതിരെ ചെറിയൊരു വിഭാഗം സമൂഹ മാധ്യമങ്ങൾ വഴി നിന്ദ്യമായ പ്രചാരണം നടത്തിയിട്ടും കേസ് വാദിക്കുന്നതിൽനിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല.
രാജ്യത്തിെൻറ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേസിൽ 1993 മുതൽ രാജീവ് ധവാൻ അഭിഭാഷകനായുണ്ട്. അഡ്വ. സഫരിയാബ് ജീലാനിയും മറ്റ് അഭിഭാഷകരും വഴി അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരെല്ലാവരും പുനഃപരിശോധന ഹരജി തയാറാക്കുന്ന തിരക്കിലാണെന്നും ധവാനുമായി ചേർന്ന് അന്തിമരൂപം നൽകി ഉടൻ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നും വലി റഹ്മാനി പറഞ്ഞു. ബാബരി ഭൂമി കേസിൽ ഒറ്റക്ക് പുനഃപരിശോധന ഹരജിയുമായി മുന്നോട്ടുപോകാനും രാജീവ് ധവാനെ അഭിഭാഷക സ്ഥാനത്തുനിന്ന് മാറ്റാനുമുള്ള ജംഇയ്യത് നേതാവ് അർശദ് മദനിയുടെ തീരുമാനത്തിെൻറ പശ്ചാത്തലത്തിലാണ് വാർത്തക്കുറിപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.