രാജസ്ഥാൻ: വസുന്ധരക്കെതിരെ ജസ്വന്ത് സിങ്ങിന്‍റെ മകൻ കോൺഗ്രസ് സ്ഥാനാർഥി
text_fieldsജയ്പുർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വസുന്ധരാ രാജെക്കെതിരെ ബി.ജെ.പിയുടെ ബദ്ധവൈരിയും മുൻ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്‍റെ മകൻ മാനവേന്ദ്ര സിങ് കോൺഗ്രസ് സ്ഥാനാർഥിയാകും.
ജ്വലവാർ ജില്ലയിലെ ജൽറാപഥൻ നിയമസഭാ മണ്ഡലത്തിലാണ് വസുന്ധരാ രാജെ മൽസരിക്കുന്നത്. 2003 മുതൽ ഈ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ് അവർ. രാഹുൽ ഗാന്ധിയും കോൺഗ്രസും തനിക്ക് നൽകിയ അംഗീകാരമാണ് വസുന്ധരക്കെതിരായ സ്ഥാനാർഥിത്വമെന്നും തെരഞ്ഞെടുപ്പിൽ വസുന്ധരെയെ നേരിടാൻ തയാറാണെന്നും മാനവേന്ദ്ര സിങ് വ്യക്തമാക്കി.
രാജ്പുത് നേതാവായ ജസ്വന്ത് സിങ്ങിനെ അപമാനിച്ച ബി.ജെ.പിയെ രാജസ്ഥാനിലെ ജനങ്ങൾ തറപറ്റിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ബന്ധുവും മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുമായുള്ള ഒടക്കിനെ തുടർന്ന് ജസ്വന്ത് സിങ്ങിന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബാർമർ -ജയ്സാൽമെർ സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് പാർട്ടി നേതൃത്വവുമായി മാനവേന്ദ്ര ഇടയാൻ കാരണമായത്. പിതാവിന് വേണ്ടി പ്രചാരണം നടത്തിയ മാനവേന്ദ്രയെ ബി.ജെ.പിയിൽ നിന്ന് താൽകാലികമായി പുറത്താക്കിയിരുന്നു.
ശിയോ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എയായ മാനവേന്ദ്ര സിങ്, കഴിഞ്ഞ സെപ്റ്റംബറിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ ചേർന്നത്.
ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.