മോദിയുടെ സത്യപ്രതിജ്ഞക്ക് രജനീകാന്തും; വലിയ നേട്ടമെന്ന് പ്രതികരണം
text_fieldsന്യൂഡൽഹി: മൂന്നാംതവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന ചടങ്ങിൽ അതിഥിയായി സൂപ്പർതാരം രജനീകാന്തും. ചടങ്ങിൽ പങ്കെടുക്കാനായി താരം ഡൽഹിയിലേക്ക് തിരിച്ചു. മോദിയുടെത് വലിയ നേട്ടമാണെന്ന് രജനീകാന്ത് പ്രതികരിച്ചു. ജവഹർലാൽ നെഹ്റുവിനു ശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന വ്യക്തിയാണ് നരേന്ദ്രമോദിയെന്ന് രജനീകാന്ത് വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
''നരേന്ദ്ര മോദി തുടർച്ചയായ മൂന്നാംതവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ പോവുകയാണ്. ഇതൊരു വലിയ നേട്ടമാണ്. അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായൊരു പ്രതിപക്ഷത്തേയും ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആരോഗ്യപരമായ ജനാധിപത്യത്തിലേക്ക് നയിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്ന ചടങ്ങിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വഴിയേ അറിയിക്കാം.''-എന്നായിരുന്നു രജനിയുടെ വാക്കുകൾ.
നിരവധി രാഷ്ട്രത്തലവൻമാരാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ്, റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ്കുമാർ ജുഗ്നൗഥ്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്ഗേ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ചെന്നൈ റെയിൽവേ ഡിവിഷനിൽ നിന്നുള്ള വന്ദേ ഭാരത് ലോക്കോ പൈലറ്റ് ഐശ്വര്യ എസ്. മേനോൻ, ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവ് എന്നിവർക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. അതോടൊപ്പം നിരവധി പ്രമുഖ മതനേതാക്കൾ, അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാര ജേതാക്കൾക്കളും ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.