ജയിൽവാസം മടുത്തു: ദയാവധം വേണമെന്ന് റോബർട്ട് പയസ്
text_fieldsചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റോബർട്ട് പയസ് തന്നെ ദയാവധത്തിന് വിധേയമാക്കണമെന്നഭ്യർഥിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് കത്തയച്ചു. മറ്റ് ആറ് പ്രതികൾക്കൊപ്പം വെല്ലൂർ ജയിലിലാണ് റോബർട്ടും കഴിയുന്നത് . ജയിൽവാസം തുടങ്ങിയിട്ട് 26 വർഷമായിട്ടും മോചിപ്പിക്കാത്ത സാഹചര്യത്തിലാണ് ദയാവധം അഭ്യർഥിക്കുന്നതെന്ന് േറാബർട്ട് കത്തിൽ ചൂണ്ടിക്കാട്ടി.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകണമെന്നും അഭ്യർഥിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിനോടടുക്കുന്ന ജയിൽവാസത്തിൽനിന്ന് മോചനം അസാധ്യമാണെന്ന് ഏറക്കുറെ ബോധ്യമായ സ്ഥതിക്ക് മാനസികമായി തകർന്നതിനാലാണ് കത്തയക്കുന്നതെന്ന് റോബർട്ട് വ്യക്തമാക്കി. രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് റോബർട്ട്. ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് മറ്റ് രണ്ടുപേർ. മുരുകൻ, ഭാര്യ നളിനി, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷക്കാണ് വിധിച്ചത്.
ശിക്ഷ നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടതോടെ, ജസ്റ്റിസ് പി. സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് നാലുപേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടർന്ന് ഇവരെ വിട്ടയക്കാൻ 2014ൽ ജയലളിത സർക്കാർ തീരുമാനിച്ചു. യു.പി.എ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് ഇത് തടഞ്ഞു.
25 വർഷത്തിലധികം ജയിലിൽ കഴിഞ്ഞ ഇവരെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനത്തിൽ അഭിപ്രായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞവർഷം മാർച്ചിൽ കത്തയച്ചിരുന്നു. എന്നാൽ, ഇതിന് കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതിനിടെ, മറ്റൊരു പ്രതിയായ പേരറിവാളൻ നൽകിയ പരോൾ അപേക്ഷ സംസ്ഥാന ജയിൽ വകുപ്പ് നിരസിച്ചു. കേന്ദ്ര നിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ടതെന്നും സംസ്ഥാന നിയമപ്രകാരം പരോൾ അനുവദിക്കാൻ കഴിയില്ലെന്നും വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.