കശ്മീരി പണ്ഡിറ്റുകളുടെ പലായനം തടയാൻ വി.പി. സിങ് സർക്കാറിനോട് രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: 1990കളിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ തടയാൻ അന്നത്തെ പ്രതിപക്ഷനേതാവ് രാജീവ് ഗാന്ധി വി.പി. സിങ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ലോക്സഭയിൽ പറഞ്ഞു.
അന്നത്തെ ജമ്മു-കശ്മീർ ഗവർണർ ജഗ്‌മോഹൻ കാശ്മീരി പണ്ഡിറ്റുകളോടും സിഖുകാരോടും അവരെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയതിന് ശേഷമാണ് താഴ്വരയിൽ നിന്ന് ജനങ്ങൾ പാലായനം ചെയ്ത് തുടങ്ങിയതെന്ന് ചൗധരി കൂട്ടിച്ചേർത്തു.
തീവ്രവാദികൾ ചേർന്ന് പണ്ഡിറ്റുകളോടും സിഖുകാരോടുമുള്ള അതിക്രമം തുടങ്ങിയത് അപ്പോഴാണ്. വി.പി. സിങ് സർക്കാറിന് ബി.ജെ.പിയുടെ പിന്തുണ അന്നുണ്ടായിരുന്നു. അന്നത്തെ കോൺഗ്രസ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ രാജീവ് ഗാന്ധി കശ്മീരിലെ ജനങ്ങളുടെ പലായനത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു. രാജ്യത്തെ ജനം ഇതൊരിക്കലും അംഗീകരിക്കില്ലെന്നും സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ആ സമയത്താണ് അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്ര ആരംഭിക്കുന്നതും ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രയുടെ ഇവന്‍റ് മാനേജറാകുന്നതും -അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1984 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ കശ്മീരിലെ ഹിന്ദുക്കൾക്കും സിഖുകാർക്കുമെതിരെ നടന്ന വലിയ തോതിലുള്ള അതിക്രമങ്ങളെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്ന് ശൂന്യവേളയിൽ ബി.ജെ.പി അംഗം സുനിൽ കുമാർ സിങ് ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ 1989ൽ ജമ്മുകശ്മീരിൽ വംശഹത്യയിൽ പ്രധാന പങ്കുവഹിച്ച 70 ഭീകരരെ വിട്ടയച്ചത് ആരുടെ ഉത്തരവനുസരിച്ചാണെന്ന് കണ്ടത്തണമെന്നും രാജ്യം അത് അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കശ്മീർ ഫയൽസ്' സിനിമ റിലീസായത് മുതൽ ബി.ജെ.പിയും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരിന് കാരണമായിരുന്നു. സംഘ്പരിവാർ ചിത്രത്തിന് വ്യാപകമായി പ്രചാരം നൽകുകയാണ്. ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കുകയും മാതൃരാജ്യത്ത് നിന്ന് പുറത്താക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നൊക്കെയാണ് ഏകപക്ഷീയമായി സിനിമ പറഞ്ഞുവെക്കുന്നത്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.