‘25കാരനായ ഒരു മാധ്യമപ്രവർത്തകനോട് അന്നദ്ദേഹം വാത്സല്യത്തോടെ സംസാരിച്ചു’; രാജീവ് ഗാന്ധിയുമായുള്ള അഭിമുഖത്തിന്റെ ഓർമകൾ പങ്കുവെച്ച് രാജ്ദീപ് സർദേശായ്
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിനൊപ്പമുള്ള അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ന് 80 വയസ്സുണ്ടാകുമായിരുന്നെന്ന് എക്സിൽ കുറിച്ച രാജ്ദീപ്, 1990ൽ തന്റെ 25ാം വയസ്സിൽ നടത്തിയ ഇന്റർവ്യൂവിൽ എത്ര ഊഷ്മളതയോടെയും വാത്സല്യത്തോടെയുമാണ് സംസാരിച്ചതെന്ന് ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ പുഞ്ചിരിയും വശീകരണ ശക്തിയുമാണ് തന്നെ ഏറെ ആകർഷിച്ചതെന്നും രാജ്ദീപ് പറയുന്നു.
‘1990ൽ മുംബൈയിൽ വെച്ച് എനിക്ക് രാജീവ് ഗാന്ധിയുമായി അഭിമുഖത്തിന് അവസരം ലഭിച്ചു. ആ സമയത്ത് അധികാരത്തിന് പുറത്തായിരുന്ന അദ്ദേഹം സൗത്ത് മുംബൈയിൽനിന്നുള്ള കോൺഗ്രസ് എം.പി മുരളി ദിയോറ ഒരുക്കിയ ഉച്ചഭക്ഷണത്തിനെത്തിയതായിരുന്നു. മുസംബി ജ്യൂസ് കഴിച്ചുകൊണ്ട് രാജീവ് ഗാന്ധി ഒരു 25കാരനായ മാധ്യമപ്രവർത്തകനോട് ഊഷ്മളതയോടെയും വാത്സല്യത്തോടെയും സംസാരിച്ചു. എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ ആരെയും വീഴ്ത്തുന്ന പുഞ്ചിരിയും വശീകരണതയുമാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ 80 വയസ്സാകുമായിരുന്നു. പിറകിലേക്ക് നോക്കുമ്പോൾ, രാഷ്ട്രീയക്കാരുടെ സൗമ്യമായ ഒരു യുഗത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി തോന്നുന്നു. തെറിവിളിയും അസഹിഷ്ണുതയും അധിക്ഷേപവുമില്ല, അവിടെ സംവാദത്തിനാണ് ഏറ്റുമുട്ടലിനേക്കാൾ പ്രാധാന്യം. പൊതുജീവിതത്തിൽ പലപ്പോഴും കാണാതെ പോകുന്ന ഒരു മാനുഷിക ഘടകമാണത്’ -എന്നിങ്ങനെയായിരുന്നു രാജ്ദീപ് സർദേശായിയുടെ കുറിപ്പ്.
1944 ആഗസ്റ്റ് 20ന് ജനിച്ച രാജീവ് ഗാന്ധി 1991 മേയ് 21ന് 46ാം വയസ്സിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിൽ നടന്ന സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. 1984ൽ മാതാവും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് 40ാം വയസ്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം 1989 വരെ രാജ്യത്തെ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.