രാജ്കോട്ടിലെ ഗെയിമിങ് സെന്ററിലുണ്ടായിരുന്നത് 2000 ലിറ്റർ ഡീസലും 1500 ലിറ്റർ പെട്രോളും; തീപിടിത്തത്തിന്റെ ആഘാതം കൂട്ടി
text_fieldsഅഹമ്മദാബാദ്: രാജ്കോട്ടിലെ കഴിഞ്ഞ ദിവസം ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനായി ഗെയിമിങ് സെന്ററിൽ 2000 ലിറ്റർ ഡീസൽ സൂക്ഷിച്ചിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിന് പുറമേ കാർ റേസിങ്ങിനായി 1500 ലിറ്റർ പെട്രോളും സൂക്ഷിച്ചിരുന്നു. ഇത് തീപിടിത്തത്തിന്റെ ആഘാതം വർധിപ്പിച്ചിട്ടുണ്ടാകമെന്നാണ് വിലയിരുത്തൽ.
ഗെയിമിങ് സെന്ററിന് അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി ഉണ്ടായിരുന്നില്ല. ഒരൊറ്റ എൻട്രി, എക്സിറ്റ് പോയിന്റുകൾ മാത്രമാണ് ഗെയിമിങ് സെന്റിന് ഉണ്ടായിരുന്നത്. അതേസമയം, അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്താൻ ഗുജറാത്ത് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഡീഷണൽ ഡി.ജി.പി സുഭാഷ് ത്രിവേദിയുടെ നേതൃത്വത്തിലുള്ളതാണ് സംഘം. ഇവരോട് 72 മണിക്കൂറിൽ റിപ്പോർട്ട് നൽകാൻ ഗുജറാത്ത് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് രാജ്യത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. 12 വയസ്സിന് താഴെയുള്ള നാല് കുട്ടികളടക്കം 27പേർ മരിച്ചതായി അസി. പൊലീസ് കമീഷണർ വിനായക് പട്ടേൽ പറഞ്ഞു. ‘മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്’ -അദ്ദേഹം പറഞ്ഞു.
മെറ്റലും ഫൈബർ ഷീറ്റും ഉപയോഗിച്ച് നിർമിച്ച ഷെഡിൽ തീപിടിത്തമുണ്ടായതായി വൈകീട്ട് നാലരയോടെയാണ് ഫയർ സ്റ്റേഷനിലേക്ക് ഫോൺ ലഭിച്ചതെന്ന് രാജ്‌കോട്ട് കലക്ടർ പ്രഭാവ് ജോഷി പറഞ്ഞു. ആറ് മണിക്കൂറിലധികം രക്ഷാപ്രവർത്തനം നടന്നു. വൻ തീപിടിത്തത്തെ തുടർന്ന് ഷെഡ് പൂർണമായും തകർന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.