വാക്സിൻ എടുക്കുന്നവർക്ക് 50,000 രൂപയുടെ സ്മാർട്ട്ഫോൺ; വമ്പൻ ഓഫറുമായി തദ്ദേശസ്ഥാപനം
text_fieldsരാജ്കോട്ട്: കോവിഡ് വാക്സിനേഷൻ പ്രോൽസാഹിപ്പിക്കാൻ പുതിയ തന്ത്രവുമായി ഗുജറാത്തിലെ രാജ്കോട്ട് നഗരസഭ. മെഗാ വാക്സിനേഷൻ ക്യാമ്പിലേക്ക് ആളുകളെ എത്തിക്കാനാണ് നീക്കം. ഡിസംബർ നാലിനും 10നും ഇടക്ക് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒരാൾക്ക് 50,000 രൂപയുടെ സ്മാർട്ട്ഫോൺ നൽകുമെന്നാണ് പ്രഖ്യാപനം. മുൻസിപ്പൽ കമീഷണർ അമിത് അറോറയാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക വാക്സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന് 21,000 രൂപയും നൽകും. രാജ്കോട്ടിൽ ഇനി 1.82 ലക്ഷം ആളുകൾ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുണ്ട്. പ്രത്യേക വാക്സിൻ കാമ്പയിൻ ദിവസങ്ങളിൽ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ ഗുജറാത്തിലെ മറ്റൊരു നഗരമായ അഹമ്മദാബാദും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്സിൻ സ്വീകരിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപയുടെ സ്മാർട്ട്ഫോൺ സമ്മാനമായി നൽകുമെന്നായിരുന്നു അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം. അതേസമയം ഗുജറാത്തിൽ കഴിഞ്ഞ ദിവസം കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. സിംബാവെയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.