ഇന്ദിരാഗാന്ധിയെ പുകഴ്ത്തി കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്; 'യുദ്ധവേളയിൽ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചു'
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വർഷങ്ങളോളം രാജ്യത്തെ നയിച്ച ഇന്ദിരാഗാന്ധി യുദ്ധവേളയിലും മുന്നിൽ നിന്ന് നയിച്ചുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. 1971ൽ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു പുകഴ്ത്തൽ.
'സായുധ സേനയിലെ സ്ത്രീകൾ' എന്ന വിഷയത്തിൽ ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരയ്ക്ക് പുറമേ റാണി ലക്ഷ്മി ഭായിയെയും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെയും അദ്ദേഹം പുകഴ്ത്തി സംസാരിച്ചു.
രാജ്യവികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണെന്ന് അദ്ദേഹം കൂട്ടി കൂട്ടിച്ചേർത്തു.
രാജ്യത്തെയും ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാൻ നിരവധി സ്ത്രീകൾ ആയുധമേന്തിയിട്ടുണ്ട്. അതിൽ ഏറെ ആദരിക്കപ്പെടേണ്ട വ്യക്തികളിൽ ഒരാളാണ് റാണി ലക്ഷ്മി ഭായ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത് യുദ്ധസമയത്ത് മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തു. പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.