'ഞാൻ അഗ്നിവീർ എന്നത് പുതിയ സ്വത്വം, ഇത് യുവതക്ക് രാജ്യ സേവനത്തിനുള്ള സുവർണ്ണാവസര'മെന്ന് രാജ് നാഥ് സിങ്
text_fieldsശ്രീനഗർ: രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടയിലും കേന്ദ്രസർക്കാറിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിന് അനുമതി നൽകുമെന്ന് ഉറപ്പിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. പദ്ധതി രാജ്യത്തെ യുവ ജനതക്ക് സൈനിക സേവനത്തിനും രാജ്യ സേവനത്തിനുമുള്ള സുവർണ്ണാവസരമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ഞാൻ അഗ്നിവീർ' എന്നത് അവരുടെ മാത്രം പുതിയ സ്വത്വമായിരിക്കും. കഴിഞ്ഞ രണ്ടു വർഷമായി റിക്രൂട്ട്മെന്റിൽ വന്ന തടസം മൂലം നിരവധി പേർക്ക് അവസരം നഷ്ടമായിട്ടുണ്ട്. അതൊരു യാഥാർഥ്യമാണ്. യുവ ജനങ്ങളുടെ ഭാവി മുന്നിൽ കണ്ടും, അവരുടെ വികാരങ്ങൾ പരിഗണിച്ചും പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ അഗ്നിവീരരുടെ പ്രായ പരിധി ഇത്തവണ 21ൽ നിന്ന് 23 ആക്കി വർധിപ്പിച്ചിട്ടുണ്ട്.
ഇത് ഒറ്റത്തവണയുള്ള ഇളവാണ്. അതുമൂലം നിരവധി പേർക്ക് അഗ്നിപഥ് വഴി അപേക്ഷിക്കാനാകും. റിക്രൂട്ട്മെന്റ് നടപടികൾ അടുത്ത ദിവസം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ യുവാക്കളും പ്രതിഷേധം അവസാനിപ്പിച്ച് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ തയാറാകണമെന്നും മന്ത്രി ആവശ്യപ്പട്ടു.
ജൂൺ 14നാണ് കേന്ദ്ര മന്ത്രിസഭ പുതിയ റിക്രൂട്ട്മെന്റ് പദ്ധതി പാസാക്കിയത്. നാലു വർഷത്തേക്ക് സൈനിക സേവനത്തിനായി റിക്രൂട്ട്മെന്റ് നടത്തുന്നതാണ് പദ്ധതി. പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ അക്രമാസക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രായപരിധി ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.