രജൗരി ആക്രമണം: മരണം നാലായി, രണ്ടുപേർ ഗുരുതരാവസ്ഥയിൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ തോക്കുധാരികൾ വീടുകൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ മരണം നാലായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന നാട്ടുകാരൻ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നേരത്തെ മൂന്ന് സിവിലിയൻമാർ മരിച്ചിരുന്നു. ദീപക് കുമാർ, സതീഷ് കുമാർ, പ്രീതം ലാൽ, ശിവ് പാൽ എന്നിവരാണ് മരിച്ചത്.
നിലവിൽ പരിക്കേറ്റ് ഒമ്പതു പേർ ചികിത്സയിലുണ്ട്. ചികിത്സയിലുള്ള ചിലരുടെ അവസ്ഥ വളരെ ഗുരുതരമാണെന്ന് ഡോകട്ർമാർ വ്യക്തമാക്കി. അതി ഗുരുതരമായി പരിക്കേറ്റവരിൽ രണ്ടുപേരെ വ്യോമമാർഗം ജമ്മുവിലേക്ക് കൊണ്ടുപോയി.
ഡിസംബർ 16ന് സൈനിക ക്യാമ്പിന് പുറത്ത് രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടതിനു ശേഷം നാട്ടുകാർ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്.
രജൗരി പട്ടണത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള അപ്പർ ഡാംഗ്രി ഗ്രാമത്തിലെ മൂന്ന് വീടുകൾക്ക് നേരെ രണ്ട് തോക്കുധാരികൾ ആക്രമണം നടത്തുകയായിരുന്നു. തീവ്രവാദ ആക്രമണമെന്ന സൂചനയെ തുടർന്ന് പൊലീസും സൈന്യവും പ്രദേശത്ത് പരിശോധന ശക്തമാക്കി.
ആക്രമണം വൻ സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച ഡാംഗ്രി ഗ്രാമത്തലവൻ അധികൃതരെ രൂക്ഷമായി വിമർശിച്ചു. നാട്ടുകാർക്ക് നേരെയുള്ള ആക്രമണം ജില്ലയിൽ ഭയം വിതച്ചിട്ടുണ്ട്. ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.