രാജ്പഥ് മായും; കർത്തവ്യപഥ് തെളിയും
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യ ഗേറ്റിലേക്ക് നീളുന്ന റോഡിന്‍റെ പേര് മാറ്റാനുള്ള നിർദേശം ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ അംഗീകരിച്ചു. രാജ്പഥ് ഇനി കർത്തവ്യപഥ് ആയിരിക്കും. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിൽ നടന്ന കോർപറേഷന്‍റെ പ്രത്യേക യോഗമാണ് നഗരവികസന മന്ത്രാലയത്തിന്‍റെ നിർദേശം ഔപചാരികമായി അംഗീകരിച്ചത്. കോർപറേഷനിലെ മറ്റൊരംഗമായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്തില്ല.
പേരുമാറ്റം അംഗീകരിച്ചതോടെ ഈ ഭാഗത്തെ അടയാള ബോർഡുകൾ മാറ്റിയെഴുതും. ബ്രിട്ടീഷ്കാലത്ത് കിങ്സ്വേ ആയിരുന്നു രാജ്പഥ്. സാമ്രാജ്യത്വത്തിന്‍റെ പ്രതീകങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമെന്നാണ് പേരുമാറ്റത്തിന് വിശദീകരണം. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലൂടെയുള്ള റോഡിന്‍റെ പേര് റേസ് കോഴ്സ് റോഡിനുപകരം 2015ൽ ലോക് കല്യാൺ മാർഗാക്കി മാറ്റിയിരുന്നു. അതേവർഷംതന്നെ ഔറംഗസീബ് റോഡ്, എ.പി.ജെ. അബ്ദുൽകലാം റോഡാക്കി.
2017ൽ ദൽഹൗസി റോഡിനെ ദാരാ ഷികോഹ് റോഡാക്കി. തീൻമൂർത്തി ചൗക് 2018ൽ തീർമൂർത്തി ഹൈഫ ചൗക്കായി പുനർനാമകരണം ചെയ്തു. അക്ബർ റോഡിന്‍റെ പേരുമാറ്റാനുള്ള നിർദേശം അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. പേരുമാറ്റം ഡൽഹിയിൽ മാത്രമല്ല; യു.പിയിലെ അലഹബാദ് ഇന്ന് പ്രയാഗ്രാജാണ്. ഫൈസാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് ഇപ്പോൾ അയോധ്യ കന്റോൺമെന്‍റ് എന്നാണ്. വേറെയും നിരവധി മാറ്റങ്ങൾ.
രാജ്പഥിന് ഇരുവശവുമായി നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ഭക്ഷണ സ്റ്റാളുകൾ, ഗ്രാനേറ്റ് ഇട്ട നടപ്പാതകൾ, പുൽത്തകിടി, വിൽപന-പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. വ്യാപക വിമർശനങ്ങൾ വകവെക്കാതെ 20 മാസം അടച്ചിട്ട ഈ ഭാഗം വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി തുറക്കും.
അതേസമയം 20,000 കോടിയോളം രൂപ മുടക്കുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രി മന്ദിരം, ഉപരാഷ്ട്രപതി മന്ദിരം തുടങ്ങിയവയുടെ നിർമാണപ്രവർത്തനങ്ങൾ തീർന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.